ഇലക്ട്രിക് വാഹന വിപണിക്ക് പ്രോത്സാഹനവുമായി ബജറ്റ്
തിരുവനന്തപുരം : ഇലക്ട്രിക് വാഹന വിപണിക്ക് പ്രോത്സാഹനം നൽകുന്ന പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ് . ഇതിന്റെ ഭാഗമായി 200 കോടി രൂപയുടെ വായ്പ പദ്ധതിയാണ് ഒരുക്കുന്നത്. ഇത്തരം വായ്പാ പലിശയുടെ ഒരുഭാഗം സർക്കാർ വഹിക്കും. പലിശ ഇളവ് ഒരുക്കുന്നതിനായി 15 കോടി രൂപയും വകയിരുത്തും. 2021-22 സാമ്പത്തിക വർഷത്തിൽ മാത്രം 10,000 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും 5000 ഇലക്ട്രിക് ഓട്ടോറിക്ഷയും നിരത്തുകളിൽ എത്തിക്കാനാണ് സർക്കാർ ലക്ഷ്യമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു.
ഫുഡ് ഡെലിവറി, പത്രവിതരണം, തുടങ്ങിയുള്ള ജോലികൾ ചെയ്യുന്നവർക്ക് ഇലക്ട്രിക് സ്കൂട്ടറുകളും ഇലക്ട്രിക് ഓട്ടോയും വാങ്ങുന്നതിനുള്ള വായ്പ നൽകും. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സ്വയം തൊഴിൽ ശക്തിപ്പെടുത്തുന്നതിനും കൂട്ടായ പദ്ധതിയാണ് സർക്കാർ ഒരുക്കുന്നത്.
കൂടാതെ കൂടുതൽ പ്രകൃതി സൗഹാർദ വാഹനങ്ങൾ നിരത്തുകളിൽ എത്തിക്കുന്നതിനുമായി നിലവിൽ ഡീസൽ എൻജിനിൽ പ്രവർത്തിക്കുന്ന 3000 കെ.എസ്.ആർ.ടി.സി ബസുകൾ സി.എൻ.ജിയിലേക്ക് മാറ്റുമെന്ന് ബജറ്റിൽ പ്രഖ്യാപനമുണ്ട്. ഇതിനായി 300 കോടി രൂപയുടെ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗ്രീൻ മൊബിലിറ്റി എന്ന ആശയത്തിന് കൂടുതൽ കരുത്തേകുന്നതിനായി ഹൈഡ്രജൻ ബസുകളും നിരത്തുകളിൽ എത്തിക്കാൻ കെ.എസ്.ആർ.ടി.സിക്ക് ബജറ്റിൽ അനുമതി നൽകിയിട്ടുണ്ട്. ആദ്യ ചുവടുവയ്പ്പായി ഇന്ത്യൻ ഓയിൽ കോർപറേഷൻ, സിയാൽ എന്നിവയുടെ സഹകരണത്തോടെ 10 ഹൈഡ്രജൻ ഫ്യുവൽ ബസുകളാണ് എത്തുന്നത്. ഇതിനായി 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.