18 വയസിന് മുകളിലുളളവര്‍ക്കെല്ലാം വാക്‌സിന്‍ സൗജന്യമായി നൽകുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : രാജ്യത്തെ വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായിരിക്കും. ജൂണ്‍ 21 മുതലായിരിക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കുക. ഇതോടെ രാജ്യത്തെ 18 വയസിന് മുകളിലുളളവര്‍ക്കെല്ലാം വാക്‌സിന്‍ സൗജന്യമായി ലഭ്യമാകും. കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി അറിയിച്ചു.
കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം പോരാട്ടം തുടരുകയാണ്. കഴിഞ്ഞ 100 വര്‍ഷത്തിനിടെ രാജ്യം കാണാത്ത തരം മഹാമാരിയാണ് കൊവിഡ്. ഇന്ത്യ ഒരുപാട് പ്രതിസന്ധി നേരിട്ടുവെന്നും നിരവധി പേര്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടമായെന്നും മോദി പറഞ്ഞു. കൊവിഡിനെ നേരിടാന്‍ രാജ്യത്ത് ആരോഗ്യ മേഖലയില്‍ മികച്ച രീതിയില്‍ അടിസ്ഥാന സൗകര്യ വികസനം കേന്ദ്ര സര്‍ക്കാര്‍ നടത്തി. ഓക്‌സിജന്‍ പ്രതിസന്ധി നേരിടാന്‍ സാധ്യമായതെല്ലാം ചെയ്തു. ഓക്‌സിജന്‍ ക്ഷാമത്തിന് യുദ്ധകാല അടിസ്ഥാനത്തില്‍ പരിഹാരം കണ്ടു. ഓക്‌സിജന്‍ ഉത്പാദനം പത്തിരട്ടി കൂട്ടി. രോഗത്തെ ഒറ്റക്കെട്ടായി രാജ്യം നേരിടുകയാണ്. ഈ പോരാട്ടം തുടരുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
കൊവിഡ് പ്രതിരോധത്തിന് വാക്‌സിനാണ് ഏറ്റവും വലിയ സുരക്ഷാ കവചം. വാക്‌സിന്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ വിരളമായിരുന്നു. ഇന്ത്യ വാക്‌സിന്‍ നിര്‍മ്മാണം ആരംഭിച്ചില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ? ഇപ്പോള്‍ 23 കോടി വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്‌തു കഴിഞ്ഞു. പുതിയ വാക്‌സിനായുളള പരീക്ഷണങ്ങള്‍ തുടരുന്നു. കുട്ടികള്‍ക്കുളള വാക്‌സിന്‍ പരീക്ഷണവും നടക്കുകയാണ്. മൂക്കിലൂടെ നല്‍കുന്ന വാക്‌സിനുകളുടെയും പരീക്ഷണം നടക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.