കെപിസിസി പ്രസിഡന്റായി കെ.സുധാകരൻ?
തിരുവനന്തപുരം : കെപിസിസി പ്രസിഡന്റായി ഹൈക്കമാന്‍ഡിന്റെ പ്രഥമ പരിഗണന കെ സുധാകരനെന്ന് റിപ്പോർട്ട്. രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപനമുണ്ടാകും എന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജിവെച്ച സാഹചര്യത്തിലാണ് പകരക്കാരനെ നിശ്ചയിക്കുന്നത്.
ഹൈക്കമാന്‍ഡിന്റെ അന്തിമ പട്ടികയിൽ കെ സുധാകരനും കൊടിക്കുന്നില്‍ സുരേഷുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. എന്നാൽ കേരളത്തിലെ ഭൂരിപക്ഷം എം പിമാരും എംഎല്‍എമാരും കെ സുധാകരനെയാണ് പിന്തുണച്ചത്. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നല്‍കിയ റിപ്പോര്‍ട്ടിലും സുധാകരനാണ് മുന്‍തൂക്കം. സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കി അവരെ പ്രാദേശിക ഘടകങ്ങളില്‍ സജീവമാക്കാന്‍ സുധാകരന് കഴിയുമെന്നാണ് ഹൈക്കമാന്റിന്റെ പ്രതീക്ഷ.