കെ.സുധാകരൻ കെപിസിസി പ്രസിഡന്റ്
ന്യൂഡല്‍ഹി : കെ.സുധാകരനെ കെപിസിസി പ്രസിഡന്റായി പ്രഖ്യാപിച്ചു. രാഹുല്‍ ഗാന്ധി കെ സുധാകരനെ ഫോണില്‍ വിളിച്ച് തീരുമാനം അറിയിച്ചു.
ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ നേരത്തെ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. എംഎല്‍എ മാരുമാരുടെയും എംപി മാരുടെയും അഭിപ്രായം തേടി. 70 ശതമാനം പേരും പിന്തുണച്ചത് കെ സുധാകരനെയായിരുന്നു. എ, ഐ ഗ്രൂപ്പുകളുമായി ഏറെക്കാലമായി അകന്നുനില്ക്കുന്ന സുധാകരനെ ഇരു ഗ്രൂപ്പുകളും തുറന്നു പിന്തുണച്ചിരുന്നില്ല. എന്നാല്‍ വ്യക്തിപരമായി അഭിപ്രായം തേടിയപ്പോള്‍ ഭൂരിഭാഗം എംഎല്‍എമാരും എംപിമാരും സുധാകരന് വരുന്നതിനെ അനുകൂലിക്കുകയായിരുന്നു.
കൊടിക്കുന്നില്‍ സുരേഷിന്റേതായിരുന്നു, ഉയര്‍ന്നുവന്ന മറ്റൊരു പേര്. മുപ്പള്ളിയുടെ പിന്‍ഗാമിയായി സ്വാഭാവികമായും താനാണ് വരേണ്ടത് എന്ന വാദമാണ് കൊടിക്കുന്നില്‍ താരിഖ് അന്‍വറിനു മുന്നില്‍ വച്ചത്. ദലിത് വിഭാഗത്തില്‍നിന്നുള്ള താന്‍ അധ്യക്ഷപദത്തില്‍ എത്തുന്നത് ആ നിലയ്ക്കും പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്ന് കൊടിക്കുന്നില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ നേതാക്കളില്‍നിന്ന് വേണ്ടത്ര പിന്തുണ കൊടിക്കുന്നിലിനു ലഭിച്ചില്ല.
ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന് എന്നീ നേതാക്കള്‍ ആരുടേയും പേര് അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരുന്നില്ല. ഇവര്‍ ഹൈക്കമാന്‍ഡ് ആരെ പ്രഖ്യാപിച്ചാലും അംഗീകരിക്കും എന്ന നിലപാടാണ് സ്വീകരിച്ചത്.