ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതൽ
കൊച്ചി : സംസ്ഥാനത്ത് മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ നിലവില്‍വരും. 52 ദിവസക്കാലത്തേക്കുള്ള നിരോധനം ജൂലൈ 31ന് അവസാനിക്കും. ഈ കാലയളവില്‍ യന്ത്രവല്‍കൃത ബോട്ടുകള്‍ ഒന്നുംതന്നെ കടലില്‍ പോകുവാനോ മത്സ്യബന്ധനം നടത്താനോ പാടില്ല. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പരമ്പരാഗത വള്ളങ്ങള്‍ക്ക് മത്സ്യബന്ധനത്തിലേര്‍പ്പെടാന്‍ വിലക്കില്ല. അതേസമയം ഇരട്ട വള്ളങ്ങള്‍ (പെയര്‍) ഉപയോഗിച്ചുള്ള മീന്‍പിടിത്തം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. വലിയ വള്ളങ്ങള്‍ക്കൊപ്പം ഉപയോഗിക്കുന്ന കരിയര്‍ വള്ളങ്ങള്‍ക്കും നിയന്ത്രണമുണ്ട്.
കോവിഡ് പ്രതിസന്ധിക്ക് ഇടയിലുള്ള ട്രോളിംഗ് നിരോധനം തൊഴിലാളികളെ കൂടുതല്‍ ആശങ്കയിലാക്കിയിരിക്കുകയാണ്. ബോട്ടില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ മാത്രമല്ല, മറ്റ് അനുബന്ധ ജോലികള്‍ ചെയ്യുന്നവര്‍ക്കും ഇനി വറുതിയുടെ കാലമാണ്.