Top Stories
100 ദിന കർമ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിന്റെ ഭാഗമായി നൂറുദിന കർമ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂൺ 11 മുതൽ സെപ്റ്റംബർ 19 വരെയാണ് പദ്ധതി കാലയളവ്. 2464.92 കോടി രൂപയുടെ പദ്ധതിയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. 100 ദിവസം കൊണ്ട് പൊതുമരാമത്ത് വകുപ്പ് 1519 കോടിയുടെ പദ്ധതി പൂർത്തീകരിക്കും. പദ്ധതിയുടെ ഭാഗമായി പുതിയ 77,350 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് മിഷൻ വഴി 10,000 വീടുകൾ നൽകും, 12,000 പട്ടയങ്ങൾ വിതരണം ചെയ്യും. കോവിഡിൽ അനാഥരായ കുട്ടികൾക്കുള്ള സഹായധന വിതരണം ഉടൻ തുടങ്ങും. മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് 100 കോടി വായ്പ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
50000 ലാപ്പ്ടോപ്പുകളുടെ വിതരണം ഉടൻ ആരംഭിക്കും. ജൂണ്‍ ജൂലൈ മാസങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യകിറ്റ് നൽകും. നിർധനരായ കുട്ടികൾക്ക് ഫോൺ വാങ്ങാൻ പലിശരഹിത വായ്പ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
25,000 ഹെക്ടറിൽ ജൈവ കൃഷി നടപ്പാക്കും. ഭൂനികുതി അടയ്ക്കാൻ മൊബൈൽ ആപ്ലിക്കേഷൻ ആരംഭിക്കും. ഒക്ടോബർ രണ്ടിനകം മുഴുവൻ വില്ലേജ് ഓഫീസുകളിലെ സേവനങ്ങൾ ഓൺലൈൻ ആക്കും. അഞ്ചു വർഷത്തിനകം വില്ലേജുകൾ പൂർണമായും സ്മാർട്ട് ആക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.