ഇന്ധനവില ഇന്നും വർധിപ്പിച്ചു
കൊച്ചി : ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് 29 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. ഈ മാസം ആറാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്.
തിരുവനന്തപുരത്ത് 97.85 രൂപയാണ് പെട്രോളിന് വില. ഡീസലിന് 93.19 രൂപയും.കൊച്ചിയിൽ പെട്രോളിന് 95.96 രൂപയും ഡീസലിന് 91.43 രൂപയുമാണ് വില.
കോഴിക്കോട് പെട്രോള്‍ 96.26, ഡീസല്‍ 91.74 എന്നിങ്ങനെയാണ് ഇന്നത്തെ വില. കഴിഞ്ഞ ആറു മാസത്തില്‍ പെട്രോളിന് കൂട്ടിയത് 11 രൂപയാണ്.
അതേസമയം പെട്രോള്‍ ഡീസല്‍ വിലവര്‍ധനക്കെതിരെ കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധം നടത്തും. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ദില്ലി ഫിറോസ് ഷാ കോട്ലയിലെ പെട്രോള്‍ പമ്പിന് മുന്നില്‍ പ്രതിഷേധിക്കും.
കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും പ്രതിഷേധം. നിയുക്ത കെപിസിസി പ്രസിഡന്റ് കെ സുധാകരന് കണ്ണൂരും പ്രതിപക്ഷനേതാവ് വി ഡി സതീശന് തിരുവല്ലയിലും മുല്ലപ്പള്ളി രാമചന്ദ്രന്, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ തിരുവനന്തപുരത്തും പ്രതിഷേധത്തിന് നേതൃത്വം നല്‍കും.