Top Stories

ജൂൺ 17 മുതൽ സമ്പൂർണ്ണ ലോക്ഡൗൺ പിൻവലിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് ജൂൺ 17 മുതൽ സമ്പൂർണ്ണ ലോക്ഡൗൺ പിൻവലിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജൂൺ 17 മുതൽ പൊതുഗതാഗതം മിതമായ തോതിൽ അനുവദിക്കും. ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ തിരിച്ചുള്ള നിയന്ത്രണങ്ങളാണ് ഇനിയുണ്ടാവുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്കമാക്കി.

സംസ്ഥാനത്ത് ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് ഉയർന്ന് നിൽക്കുന്ന പഞ്ചായത്തുകളെ കണ്ടൈയിൻമെന്റ് സോണുകളായി തിരിച്ച് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ടെസ്റ്റ് പോസിറ്റിവിറ്റി അത്ര ഉയർന്നതല്ലെങ്കിലും അപകടസൂചന നൽകുന്ന പഞ്ചായത്തുകളിൽ ചില അധിക നിയന്ത്രണങ്ങൾ ഉണ്ടാവും. തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ 7 ദിവസത്തെ ശരാശരി ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക് 8 ശതമാനം വരെ ആണെങ്കിൽ ‘കുറഞ്ഞ വ്യാപനമുള്ളത്’ എന്നാണ് കണക്കാക്കുക. 8 മുതൽ ഇരുപതുവരെ ശതമാനമാണെങ്കിൽ മിതമായ വ്യാപനമുള്ള പ്രദേശമായി കണക്കാക്കും. 20 ശതമാനത്തിന് മുകളിലാണെങ്കിൽ അതിവ്യാപന മേഖലയായി കണ്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മുപ്പതുശതമാനത്തിലും കൂടിയാൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കും.

17 മുതലുള്ള ഇളവുകളും നിയന്ത്രണങ്ങളും 

അവശ്യവസ്തുക്കളുടെ കടകൾ എല്ലാ ദിവസവും രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും.

കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഗവണ്മെന്റ് കമ്പനികൾ, കമ്മീഷനുകൾ, കോർപറേഷനുകൾ, സ്വയംഭരണസ്ഥാപനങ്ങൾ എന്നിവയിൽ റോട്ടേഷൻ അടിസ്ഥാനത്തിൽ 25 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ചു എല്ലാ ദിവസവും പ്രവർത്തനം അനുവദിക്കും.

വ്യാവസായിക, കാർഷിക മേഖലകളിലെ പ്രവർത്തനങ്ങൾ എല്ലാ തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലും അനുവദിക്കും.

പൊതുഗതാഗതം മിതമായ രീതിയിൽ അനുവദിക്കും.

ബെവ്കോ ഔട്ട് ലെറ്റുകളും / ബാറുകളും രാവിലെ 9 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തനം അനുവദിക്കും. ആപ്പ് മുഖാന്തരം സ്ളോട്ടുകൾ ബുക്ക് ചെയ്യുന്ന സംവിധാനത്തിലായിരിക്കും പ്രവർത്തനം.

ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് 8 ശതമാനം വരെയുള്ള മേഖലകളിൽ എല്ലാ കടകളും രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തനം അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി.)

50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം അനുവദിക്കും.

അക്ഷയകേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തനം അനുവദിക്കും.

ഗവണ്മെന്റ് സെക്രട്ടേറിയറ്റിൽ നിലവിൽ ഉള്ളത് പോലെ റോട്ടേഷൻ അടിസ്ഥാനത്തിൽ 50 ശതമാനം വരെ ജീവനക്കർ പ്രവർത്തിക്കണം.

എല്ലാ അഖിലേന്ത്യാ സംസ്ഥാനതല പൊതുപരീക്ഷകളും അനുവദിക്കും. (സ്പോർട്സ് സെലക്ഷൻ ട്രയൽസ് ഉൾപ്പെടെ).

പരസ്പര സമ്പർക്കമില്ലാത്ത തരത്തിലുള്ള ഔട്ട് ഡോർ സ്പോർട്സ് അനുവദിക്കും.

എല്ലാ ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്താകെ പൂർണ്ണ ലോക്ക്ഡൗൺ ആയിരിക്കും.

ബാങ്കുകളുടെ പ്രവർത്തനം നിലവിലുള്ളത് പോലെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം തുടരുന്നതാണ്.

വിവാഹങ്ങൾക്കും, മരണാനന്തര ചടങ്ങുകൾക്കും നിലവിലുള്ളത് പോലെ 20 പേരെ മാത്രമേ അനുവദിക്കൂ. മറ്റു ആൾക്കൂട്ടങ്ങളോ, പൊതു പരിപാടികളോ അനുവദിക്കില്ല.

റസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമുണ്ടാകില്ല. ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനം തുടരും.

വിനോദസഞ്ചാരം, വിനോദപരിപാടികൾ, ആളുകൾ കൂടുന്ന ഇൻഡോർ പ്രവർത്തനങ്ങൾ തുടങ്ങിയവ അനുവദിക്കില്ല (മാളുകൾ ഉൾപ്പെടെ)

എല്ലാ ബുധനാഴ്ചയും ആ ആഴ്ചയിലെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുടെ എഴു ദിവസത്തെ ശരാശരി വ്യാപനത്തോത് അവലോകനം ചെയ്ത് ഓരോ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളും ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നുവെന്നത് ജില്ലാ ഭരണ സംവിധാനങ്ങൾ പരസ്യപ്പെടുത്തും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 മുതൽ 20 ശതമാനം വരെ ഉള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ അവശ്യവസ്തുക്കളുടെ കടകൾ മാത്രം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തനം അനുവദിക്കും. മറ്റു കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തനം അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി.)

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിനു മുകളിൽ ഉള്ള അതിവ്യാപന പ്രദേശങ്ങളിൽ അവശ്യ വസ്തുക്കളുടെ കടകൾ മാത്രം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ അനുവദിക്കും. മറ്റു കടകൾ വെള്ളിയാഴ്ച മാത്രം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി.)

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ ട്രിപ്പിൾ ലോക്ഡൗണാണ് നടപ്പാക്കുക. ടി.പി.ആർ നിരക്ക് 20 നും 30 നും ഇടയിലുള്ളയിടത്ത് സമ്പൂർണ്ണ ലോക്ഡൗണും ടി.പി.ആർ നിരക്ക് 8 നും 20 നും ഇടയിലുളള പ്രദേശങ്ങളിൽ ഭാഗിക ലോക്ഡൗണും ആയിരിക്കും. ടി.പി.ആർ നിരക്ക് 8ൽ താഴെയുളള സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ പാലിച്ച് സാധാരണ പ്രവർത്തനങ്ങൾ അനുവദിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button