കെപിസിസി പ്രസിഡന്റായി കെ.സുധാകരന്‍ ചുമതലയേറ്റു
തിരുവനന്തപുരം : കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി കെ.സുധാകരന്‍ ചുമതലയേറ്റു. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, സ്ഥാനമൊഴിയുന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
രാവിലെ കിഴക്കേകോട്ടയിലെ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണവും പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തിയശേഷമായിരുന്നു കെ സുധാകരന്‍ ചുമതലയേറ്റെടുക്കാന്‍ ഇന്ദിരാഭവനിലെത്തിയത്. സുധാകരനെ കൂടാതെ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റുമാരായി കൊടിക്കുന്നില്‍ സുരേഷ്, പി ടി തോമസ്, ടി സിദ്ധിഖ് എന്നിവരും ഇന്ന് ചുമതലയേറ്റു.
അതേസമയം, സെമി കേഡര്‍ സ്വഭാവത്തിലേക്കെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി ഘടന മാറണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിശാലമായ ചര്‍ച്ചകളിലൂടെയാണ് കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. ചര്‍ച്ചയും സംവാദവും എന്ന ശൈലിയാണ് കഴിഞ്ഞ രണ്ടര വര്‍ഷമായി പിന്തുടര്‍ന്നത്. ആഭ്യന്തര ജനാധിപത്യം പാര്‍ട്ടിയില്‍ ഉണ്ടാകണമെന്ന് ആഗ്രഹിച്ചായിരുന്നു അധ്യക്ഷനെന്ന നിലയില്‍ പ്രവര്‍ത്തിച്ചത്. ഉമ്മന്‍ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും കടപ്പാടുണ്ടെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ മുല്ലപ്പള്ളി പറഞ്ഞു.