ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾക്ക് എതിരായ ഹർജി തള്ളി
കൊച്ചി : ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾക്ക് എതിരായ ഹർജി ഹൈക്കോടതി തള്ളി. കെപിസിസി അംഗം നൗഷാദലി നൽകിയ ഹർജിയാണ് തള്ളിയത്. ജസ്റ്റിസ് എൽപി ഭാട്യ അധ്യക്ഷത വഹിച്ച ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. ഭരണപരിഷ്കരങ്ങൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി അനുവദിച്ചില്ല. പകരം വിശദീകരണം ആരാഞ്ഞ് കേന്ദ്രത്തിനും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും കത്തയച്ചു.
പരിഷ്കാര നിർദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോഴുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രാരംഭഘട്ടത്തിൽ മാത്രമാണെന്നും ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചതിനു ശേഷമാവും പരിഷ്കാരങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കുക എന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ വിശദീകരണം നൽകിയിരുന്നു.
അതേസമയം ആയിഷ സുൽത്താനയുടെ മുൻകൂർ ജാമ്യഹർജി കോടതി ഇന്ന് പരിഗണിക്കും. ജൈവായുധം ഉപയോഗിച്ചുവെന്ന പരാമർശത്തിന്റെ പേരിൽ ക്ഷമചോദിച്ചതുകൊണ്ട് നിയമപരമായ നടപടികൾ ഒഴിവാക്കാനാകില്ലെന്നും രാജ്യദ്രോഹക്കുറ്റം നിലനിൽക്കുമെന്നും ആയിഷയുടെ മുൻകൂർ ജാമ്യഹർജി തള്ളണമെന്നും ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.സർക്കാരിനെതിരേ ജനങ്ങൾക്കിടയിൽ വിദ്വേഷമുണ്ടാക്കാനുള്ള ശ്രമമാണ് ആയിഷ സുൽത്താന ‘ബയോളജിക്കൽ വെപ്പൺ’ പരാമർശത്തിലൂടെ നടത്തിയതെന്ന് ലക്ഷദ്വീപ് ഭരണകൂടം ചൂണ്ടിക്കാട്ടുന്നു.