Top Stories
മടങ്ങി വരുന്ന പ്രവാസികൾക്കായി കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : വിദേശത്ത് നിന്നും പ്രവാസികൾക്ക് നാട്ടിലേക്ക് വരാനുള്ള പ്രാരംഭനടപടികൾ കേന്ദ്രം തുടങ്ങിയിട്ടുണ്ടന്ന് മുഖ്യമന്ത്രി അറിയിച്ചു. വളരെ കുറച്ചു പേരെ മാത്രമേ ആദ്യഘട്ടത്തിൽ കൊണ്ടു വരുന്നുള്ളൂ. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലായി ആദ്യത്തെ 5 ദിവസം 2500 പേർ എത്തും. കേന്ദ്രസർക്കാർ കേരളത്തിലേക്ക് ആകെ കൊണ്ടുവരുന്നത് 80,000 പേരെയാണ് എന്നും ഒരു വിവരമുണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികൾ മടങ്ങി വരുമ്പോൾ വലിയ തോതിൽ കൊവിഡ് ടെസ്റ്റ് നടത്തണം. ഇതിനായി കേരളം രണ്ട് ലക്ഷം കിറ്റുകൾക്ക് ഓർഡർ കൊടുത്തു. 45000-ത്തിൽ അധികം പിസിആർ ടെസ്റ്റ് കിറ്റുകൾ ഇവിടെയുണ്ട്. കൂടുതൽ കിറ്റുകൾ ഓർഡർ കൊടുത്തു. ഈ മാസത്തിൽ തന്നെ 60000 പരിശോധനകൾ നടത്തും. അടുത്ത മാസത്തോടെ വിമാനസർവ്വീസുകളുടെ എണ്ണം കൂടിയേക്കാം എന്നാണ് വിവരം. ആഴ്ചയിൽ അറുപതിനായിരം പേരെങ്കിലും ഇതോടെ കേരളത്തിലേക്ക് എത്തും ഇതോടൊപ്പം അന്യസംസ്ഥാനങ്ങളിൽ നിന്നും മലയാളികൾ മലയാളികൾ കേരളത്തിലേക്ക് എത്തും. ഇവരെയെല്ലാം പരിശോധിക്കാൻ സംസ്ഥാനം സജ്ജമാണ്. 1,85 ലക്ഷം പേരാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരാൻ രജിസ്റ്റർ ചെയ്തത്. അതിൽ 25000 പേർക്ക് പാസ് നൽകിയെങ്കിലും 3330 പേർ മാത്രമാണ് തിരിച്ചു വന്നത്.
വിദേശത്ത് നിന്ന് എത്തുന്നവരെ നിരീക്ഷണത്തിൽ പാർപ്പിയ്ക്കുന്നതിനായി ഇതുവരെ രണ്ടരക്ഷം കിടക്കുകൾ കണ്ടെത്തിയിട്ടുണ്ട്. അതിൽ 1.63 ലക്ഷം കിടക്കൾ ഇപ്പോൾ തന്നെ സജ്ജമാണ്. സംസ്ഥാനത്തെ ഒഴിഞ്ഞു കിടക്കുന്ന വീടുകളും ക്വാറൻ്റൈൻ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്.
സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലൂടേയും പ്രവാസികളെ കൊണ്ടു വരാം എന്നിരിക്കേ കണ്ണൂർ വിമാനത്താവളം വഴി ആരേയും കൊണ്ടു വരുന്നില്ല. നോർക്കയിൽ രജിസ്റ്റർ ചെയ്തവരിൽ 69120 പേർ കണ്ണൂരിലേക്ക് വരാനാണ് താത്പര്യപ്പെട്ടത്. ഈ ലോക്ക് ഡൗണിൻ്റെ കാലത്ത് മറ്റിടങ്ങളിൽ വിമാനം ഇറങ്ങിയാൽ അവർക്കുണ്ടാവുന്ന ബുദ്ധിമുട്ട് ഊഹിക്കാം. ഇക്കാര്യവും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് മൂന്നു പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മൂന്നുപേരും വയനാട് ജില്ലക്കാരാണ്. സമ്പർക്കം മൂലമാണ് മൂവർക്കും രോഗബാധയുണ്ടായത്.