കോവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമം; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റിൽ
കൊല്ലം : ചവറയിൽ കോവിഡ് രോഗിയുടെ ബന്ധുവായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. കോവിഡ് ബാധിതയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിന് ഇടയിലായിരുന്നു പീഡനം. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റിലായി. ചവറ തെക്കുംഭാഗം സജിഭവനം സജിക്കുട്ടന്‍ (34) ആണ് അറസ്റ്റിലായത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ജൂണ്‍ മൂന്നിന് രാത്രിയായിരുന്നു സംഭവം. അബോധാവസ്ഥസ്ഥയിലായ കോവിഡ് രോഗിയെ ആശുപത്രിയിലേക്കു കൊണ്ടുപോവുന്നതിന് ഇടയിലാണ് രോഗിയുടെ ബന്ധുവായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. തെക്കുംഭാഗം ഗ്രാമപ്പഞ്ചായത്തിലെ വീട്ടിൽ ചികിത്സയിലായിരുന്ന വീട്ടമ്മ അബോധാവസ്ഥയിലായതോടെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുമ്പോഴാണ് സംഭവം. ആശുപത്രിയില്‍ സഹായിയായി നില്‍ക്കാന്‍ സ്ത്രീകളാരെങ്കിലും വേണമെന്നു സജിക്കുട്ടന്‍ പറഞ്ഞതനുസരിച്ചാണ് യുവതി കൂടി ആംബുലന്‍സില്‍ കയറിയത്.
കയ്യുറ എടുക്കുന്നതിനായി യാത്രയ്ക്കിടെ തെക്കുംഭാഗം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കയറിയ ഇയാള്‍ തിരികെയെത്തി യുവതിയെ കടന്നുപിടിച്ചു. ഈ സമയം അതുവഴി മറ്റൊരു വാഹനം കടന്നുപോയതോടെ പീഡനശ്രമം ഉപേക്ഷിച്ച് ഇവരെ ആശുപത്രിയിലെത്തിച്ചു. പിറ്റേന്നു കോവിഡ് രോഗി മരിച്ചു. തുടർന്ന് യുവതി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് സജികുട്ടനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ റിമാന്റ് ചെയ്തിട്ടുണ്ട്.
പഞ്ചായത്തിനു വേണ്ടി കരാറടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്ന തെക്കുംഭാഗത്തെ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ആംബുലന്‍സാണ് ഇത്.