രാജ്യദ്രോഹ കേസ്: ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാക്കണമെന്ന് ഹൈക്കോടതി
കൊച്ചി : രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാക്കണമെന്ന് ഹൈക്കോടതി. അറസ്റ്റ് ഉണ്ടായാല്‍ ഇടക്കാല ജാമ്യം നല്‍കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. ഈ മാസം 20ന് ആയിഷ ചോദ്യം ചെയ്യലിന് ഹാജരാകണം. ഒരാഴ്ച ആണ് ഇടക്കാല ഉത്തരവിന്റെ കാലാവധി. ഈ ദിവസം അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ ബോണ്ടില്‍ കീഴ്കോടതി ജാമ്യം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഐഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്താണ് രാജ്യദ്രോഹ കേസ് എടുത്തതെന്നും അറസ്റ്റിന് സാധ്യത ഉണ്ടെന്നുമാണ് ഐഷ ജാമ്യ ഹര്‍ജിയില്‍ വ്യക്തമാക്കിയത്. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ തയ്യാര്‍ ആണ്. എന്നാല്‍ കസ്റ്റഡിയില്‍ എടുക്കേണ്ട ആവശ്യം ഇല്ല. ആരെയും സ്വാധീനിക്കാന്‍ ശ്രമിക്കില്ല. വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല. രാജ്യദ്രോഹക്കേസില്‍ സുപ്രീം കോടതിയുടെ സമീപകാല നിലപാടുകളും കണക്കില്‍ എടുക്കണം. പരാമര്‍ശം നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ചു എന്നും ഐഷ കോടതിയില്‍ പറഞ്ഞു.
മുന്‍കൂര്‍ ജാമ്യത്തെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തു. ചാനലില്‍ ഐഷ നടത്തിയത് വിമര്‍ശനം അല്ല. ഇന്ത്യയെ ചൈനയുമായി താരതമ്യം ചെയ്തു. കേന്ദ്രം ദ്വീപില്‍ ബയോ വെപ്പണ്‍ ഉപയോഗിച്ചു എന്ന് ആവര്‍ത്തിച്ചു പറഞ്ഞു. ലക്ഷദ്വീപില്‍ സ്കൂളില്‍ പോകുന്ന ഒരു കുട്ടിക്ക് പോലും വിഘടന ചിന്തകള്‍ ഉണ്ടാവുന്ന പരാമര്‍ശം ആണ് ഐഷ നടത്തിയത്. അന്വേഷണവുമായി സഹകരിക്കണം. അറസ്റ്റ് വേണോ എന്നത് അപ്പോള്‍ തീരുമാനിക്കും. ജാമ്യ ഹര്‍ജിയില്‍ പോലും ഐഷ തെറ്റായ വ്യക്തിഗത വിവരം നല്‍കി. ഇത് ഗൗരവത്തോടെ കാണണം എന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ഐഷ സുല്‍ത്താനയ്ക്ക് എതിരെ രാജ്യദ്രോഹ കുറ്റം നിലനില്‍ക്കും എന്ന് ദ്വീപ് ഭരണകൂടം വാദിച്ചു. പരാമര്‍ശത്തിന്റെ പേരില്‍ അക്രമം ഉണ്ടായില്ലെങ്കിലും കുറ്റം നിലനില്‍ക്കും എന്നും ദ്വീപ് ഭരണകൂടം പറഞ്ഞു.