എസ്. രമേശൻ നായർ അന്തരിച്ചു
കൊച്ചി : കവിയും ഗാനരചയിതാവുമായ എസ്. രമേശൻ നായർ അന്തരിച്ചു. 73 വയസ്സായിരുന്നു. ഇന്ന് വൈകിട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാൻസർ ബാധിതനായിരുന്ന രമേശൻ നായർക്ക് കോവിഡും സ്ഥിരീകരിച്ചിരുന്നു. രണ്ടുദിവസം മുൻപ് കോവിഡ് നെഗറ്റീവ് ആയിരുന്നു.
ഷഡാനനൻ തമ്പിയുടെയും പാർവതിയമ്മയുടെയും മകനായി 1948 മേയ് മൂന്നിന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്താണ് ജനനം. ഭക്തിഗാനങ്ങള്‍ ഉള്‍പ്പെടെ 500 ലധികം ഗാനങ്ങളാണ് അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്നത്. ഗുരുപൗര്‍ണമി എന്ന കാവ്യ സമാഹാരത്തിന് 2018 ല്‍ രമേശന്‍ നായര്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. 2010ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം, ആറാം വെണ്ണിക്കുളം സ്മാരക പുരസ്‌കാരം, ആശാന്‍ പുരസ്‌കാരം എന്നിവയും അദ്ദേഹം സ്വന്തമാക്കി.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററായും ആകാശവാണിയിൽ നിർമ്മാതാവായും പ്രവർത്തിച്ചിട്ടുണ്ട്. തൃശൂര്‍ വിവേകോദയം സ്‌കൂള്‍ റിട്ട. അദ്ധ്യാപികയും എഴുത്തുകാരിയുമായ പി. രമയാണ് ഭാര്യ. ഏക മകന്‍ മനു രമേശന്‍ സംഗീത സംവിധായകനാണ്.