Top Stories
രാജ്യത്ത് 24 മണിക്കൂറിനിടെ 60,753 പേർക്ക് കോവിഡ്
ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 60,753 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 97,743 പേർ കോവിഡ് മോചിതരായി. 7,60,019 പേരാണ് നിലവിൽ രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളത്. 74 ദിവസത്തിനിടെ രാജ്യത്തെ ഏറ്റവും കുറഞ്ഞ സജീവ കേസുകളാണിത്.
രാജ്യത്ത് കോവിഡ് മുക്തി നിരക്ക് 96.16 ശതമാനമായി ഉയർന്നു. പ്രതിവാര ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിലും താഴെയാണ്. നിലവിൽ ഇത് 3.58 ശതമാനമാണ്. കഴിഞ്ഞ 12 ദിവസങ്ങളിൽ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിൽ താഴെ തന്നെയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1647 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി മരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെയായി കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,85,137 ആയതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കിൽ പറയുന്നു.