പ്രതിയെ പിടിക്കാൻ പോയ എസ്‌ഐക്ക് വെട്ടേറ്റു
കോട്ടയം: കോട്ടയം മണിമലയില്‍ എസ്‌ഐക്ക് വെട്ടേറ്റു. എസ് ഐ വിദ്യാധരനാണ് വെട്ടേറ്റത്. വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് മടങ്ങുമ്പോള്‍ പ്രതിയുടെ പിതാവ് തലയ്ക്ക് വെട്ടുകയായിരുന്നു. ആക്രമണത്തില്‍ എസ്‌ഐയുടെ തലയോട്ടിയ്ക്ക് പൊട്ടലുണ്ട്.
മണിമല വെള്ളാവൂര്‍ ചുവട്ടടിപ്പാറയില്‍ ഇന്ന് രാവിലെ ആയിരുന്നു സംഭവം. പഴയ ഒരു കുത്തുകേസിലെ പ്രതി തകടിപ്പുറത്ത് അജിനെ പിടികൂടുന്നതിനായാണ് എസ്.ഐ വിദ്യാധരന്റെ നേതൃത്വത്തിൽ മണിമല പോലീസ് എത്തിയത്. അജിനെ പിടികൂടി മുന്നോട്ട് നീങ്ങുമ്പോൾ അജിന്റെ അച്ഛനായ പ്രസാദ് പിന്നിൽ നിന്ന് എസ്.ഐയെ ആക്രമിക്കുകയായിരുന്നു. എസ്.ഐ.യുടെ കഴുത്ത് ലക്ഷ്യമാക്കിയാണ് ആയുധം വീശിയത്. എസ്.ഐ. ഒഴിഞ്ഞുമാറിയെങ്കിലും മുഖത്ത് വെട്ടേറ്റു.
എസ്‌ഐ വിദ്യാധരനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം അവിടെ നിന്നും വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പ്രതിയുടെ പിതാവ് പ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.