പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു
തിരുവന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. കോവിഡ് ബാധയെത്തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 12:15ഓടെയായിരുന്നു അന്ത്യം. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തിന് ന്യൂമോണിയയും പിടിപെട്ടു. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
കവിത തുളുമ്പുന്ന ഗാനങ്ങളിലൂടെ മൂന്നു പതിറ്റാണ്ടുകൾ മലയാള സിനിമയിൽ നിറഞ്ഞുനിന്നിരുന്ന സാനിധ്യമായിരുന്നു പൂവച്ചല്‍ ഖാദര്‍.അദ്ദേഹം മൂന്നൂറോളം ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ചു.
നാഥാ നീവരും കാലൊച്ച കേൾക്കുവാൻ (ചാമരം), ‘അനുരാഗിണി ഇതായെന്‍…’ (ഒരു കുടക്കീഴില്‍), പൂമാനമേ ഒരു രാഗമേഘം താ…(നിറക്കൂട്ട്), ‘ഏതോ ജന്മ കല്‍പനയില്‍…’ (പാളങ്ങള്‍), ശരറാന്തൽ തിരിതാണു(കായലും കയറും) ചിത്തിര തോണിയിൽ, ആദ്യസമാഗമ ലജ്ജയിൽ( ഉത്സവം),നീയെന്റെ പ്രാര്‍ത്ഥന കേട്ടൂ( കാറ്റുവിതച്ചവന്‍) തുടങ്ങി മലയാളികളുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന അനശ്വര ഗാനങ്ങള്‍ ഏറെയാണ്.
1972 -ല്‍ ചലച്ചിത്ര ഗാനരചനയിലേക്ക് കടന്ന ഖാദര്‍ കെജി ജോര്‍ജ്, പിഎന്‍ മേനോന്‍, ഐവി ശശി, ഭരതന്‍, പത്മരാജന്‍ തുടങ്ങി പ്രമുഖരോടൊപ്പം പ്രവര്‍ത്തിച്ചു. ആമിനയാണ് ഭാര്യ. മക്കള്‍: തുഷാര, പ്രസൂന. സംസ്കാരം ഇന്നു വൈകീട്ട് പൂവച്ചല്‍ ജുമാ മസ്ജിദില്‍.