Top Stories
പുതിയ ഡിജിപി; ബി സന്ധ്യയും സുധേഷ്‌കുമാറും അനില്‍കാന്തും അന്തിമ പട്ടികയില്‍
തിരുവനന്തുപുരം : സംസ്ഥാനത്തെ പുതിയ പോലീസ് മേധാവി സ്ഥാനത്തേക്ക് മൂന്ന് പേരുടെ അന്തിമ ചുരുക്ക പട്ടിക തയ്യാറാക്കി യുപിഎസ്ഇ. സുധേഷ്കുമാർ, ബി സന്ധ്യ, അനിൽകാന്ത് എന്നിവരാണ് യുപിഎസ്.സിയുടെ അന്തിമ പട്ടികയിലുള്ളത്. ടോമിൻ തച്ചങ്കരി അന്തിമ പട്ടികയിൽ നിന്ന് പുറത്തായി.
മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ അരുണ്‍കുമാര്‍ സിന്‍ഹ സ്വയം ഒഴിവായി. യുപിഎസ്സി യോഗത്തിലാണ് പട്ടിക തയ്യാറായത്. ബി സന്ധ്യ നിലവിൽ ഫയർഫോഴ്സ് മേധാവിയാണ്. സുധേഷ് കുമാർ വിജിലൻസ് ഡയറക്ടറും അനിൽകാന്ത് റോഡ് സേഫ്റ്റി കമ്മീഷ്ണറുമാണ്. ഈ മൂന്ന് പേരിൽ ഒരാളെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് സംസ്ഥാന സർക്കാരിന് തിരഞ്ഞെടുക്കാം.
പോലീസ് മേധാവി സ്ഥാനത്തേക്ക് അന്തിമ പട്ടിക തയ്യാറാക്കാൻ വ്യാഴാഴ്ച ഡൽഹിയിലെ യുപിഎസ്.സിയിൽ നടന്ന യോഗത്തിൽ ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും പങ്കെടുത്തിരുന്നു. നിലവിലെ ഡിജിപി ലോക്നാഥ് ബെഹ്റ ജൂൺ 30നാണ് സർവീസിൽ നിന്ന് വിരമിക്കുക.
പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനായ തച്ചങ്കരിക്ക് എതിരെ യുപിഎസ്‌സിക്ക് മരിച്ചയാളുടെ പേരില്‍ പരാതി ലഭിച്ചിരുന്നു. തച്ചങ്കരി സര്‍വീസില്‍ കയറിയ നാള്‍ മുതല്‍ ഇതുവരെയുള്ള കാര്യങ്ങള്‍, നേരിട്ട അന്വേഷണങ്ങള്‍, അച്ചടക്ക നടപടികള്‍, സിപിഎം നേതാക്കളുമായുള്ള ബന്ധം എന്നിവ പരാതിയില്‍ പറഞ്ഞിരുന്നു. നിലവില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഡിജിപിയാണ് അദ്ദേഹം.