Top Stories
ജോസഫൈൻ വനിതാകമ്മിഷൻ അധ്യക്ഷ സ്ഥാനം രാജിവച്ചു
തിരുവനന്തപുരം : വനിതാകമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈൻ രാജിവച്ചു. പരാതിക്കാരിയോടുളള ജോസഫൈന്റെ മോശം പെരുമാറ്റത്തെ തുടർന്ന് സി പി എം സെക്രട്ടേറിയറ്റിന്റെ ആവശ്യപ്രകാരമാണ് രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. ഇനിയും ഒരു വർഷത്തെ കാലാവധി അവർക്കുണ്ടായിരുന്നു.
ചാനലിലെ തത്സമയ ഫോൺ ഇൻ പരിപാടിയിൽ, ഗാർഹിക പീഡനത്തെപ്പറ്റി എറണാകുളം സ്വദേശിനിയായ യുവതി എം.സി. ജോസഫൈനോട് പരാതിപ്പെട്ടിരുന്നു. പോലീസിൽ പരാതിപ്പെട്ടോയെന്ന് അവർ പരാതിക്കാരിയോട് തിരിച്ചുചോദിച്ചു.ഇല്ലെന്നുപറഞ്ഞ യുവതിയോട് എന്നാ പിന്നെ അനുഭവിച്ചോയെന്നാണ് ജോസഫൈൻ പറഞ്ഞത്. ഈ പ്രതികരണത്തിനെതിരേ സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിയടക്കം ഇടതുനേതാക്കളും യുവജന സംഘടനകളുമടക്കം രംഗത്തെത്തി.
സംഭവം വിവാദമായപ്പോൾ ജോസഫൈൻ ഖേദം പ്രകടിപ്പിച്ചെങ്കിലും പരാതിക്കാരോടുളള ജോസഫൈന്റെ പെരുമാറ്റത്തിനെതിരേ നിരവധി വിമർശനങ്ങൾ ഉയർന്നു. സി.പി.എം.സഹയാത്രികരായുള്ളവർ അടക്കം ജോസഫൈനെതിരെ രംഗത്തുവന്നിരുന്നു. ഇന്ന് ചേർന്ന സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ രൂക്ഷവിമർശമാണ് ജോസഫൈനെതിരെ ഉണ്ടായത്.