Month: June 2021
- News
കോവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമം; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റിൽ
കൊല്ലം : ചവറയിൽ കോവിഡ് രോഗിയുടെ ബന്ധുവായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. കോവിഡ് ബാധിതയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിന് ഇടയിലായിരുന്നു പീഡനം. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റിലായി. ചവറ തെക്കുംഭാഗം സജിഭവനം സജിക്കുട്ടന്‍ (34) ആണ് അറസ്റ്റിലായത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ജൂണ്‍ മൂന്നിന് രാത്രിയായിരുന്നു സംഭവം. അബോധാവസ്ഥസ്ഥയിലായ കോവിഡ് രോഗിയെ ആശുപത്രിയിലേക്കു കൊണ്ടുപോവുന്നതിന് ഇടയിലാണ് രോഗിയുടെ ബന്ധുവായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. തെക്കുംഭാഗം ഗ്രാമപ്പഞ്ചായത്തിലെ വീട്ടിൽ ചികിത്സയിലായിരുന്ന വീട്ടമ്മ അബോധാവസ്ഥയിലായതോടെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുമ്പോഴാണ് സംഭവം. ആശുപത്രിയില്‍ സഹായിയായി നില്‍ക്കാന്‍ സ്ത്രീകളാരെങ്കിലും വേണമെന്നു സജിക്കുട്ടന്‍ പറഞ്ഞതനുസരിച്ചാണ് യുവതി കൂടി ആംബുലന്‍സില്‍ കയറിയത്. കയ്യുറ എടുക്കുന്നതിനായി യാത്രയ്ക്കിടെ തെക്കുംഭാഗം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കയറിയ ഇയാള്‍ തിരികെയെത്തി യുവതിയെ കടന്നുപിടിച്ചു. ഈ സമയം അതുവഴി മറ്റൊരു വാഹനം കടന്നുപോയതോടെ പീഡനശ്രമം ഉപേക്ഷിച്ച് ഇവരെ ആശുപത്രിയിലെത്തിച്ചു. പിറ്റേന്നു കോവിഡ് രോഗി മരിച്ചു. തുടർന്ന് യുവതി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് സജികുട്ടനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ റിമാന്റ് ചെയ്തിട്ടുണ്ട്. പഞ്ചായത്തിനു വേണ്ടി കരാറടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്ന തെക്കുംഭാഗത്തെ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ആംബുലന്‍സാണ് ഇത്.
Read More » - News
പ്രണയം നിരസിച്ചതിന് 21കാരിയെ കുത്തിക്കൊന്നു
മലപ്പുറം : പെരിന്തല്‍മണ്ണയില്‍ പ്രണയം നിരസിച്ചതിന് 21കാരിയെ കുത്തിക്കൊന്നു. ഏലംകുളം പഞ്ചായത്തില്‍ എളാട് കൂഴംതറ ചെമ്മാട്ടില്‍ ദൃശ്യയാണ് മരിച്ചത്. ആക്രമണം തടയാന്‍ ശ്രമിച്ച 13 വയസുകാരിയായ സഹോദരിക്ക് പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ വിനീഷ് വിനോദിനെ(21) പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം. വീടിന്റെ രണ്ടാമത്തെ നിലയില്‍ യുവതിയുടെ മുറിയില്‍ എത്തിയാണ് ആക്രമണം നടത്തിയത്. ദൃശ്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സഹോദരിക്ക് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ സഹോദരിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി യുവതിയുടെ അച്ഛന്റെ കട തീയിട്ടു നശിപ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ദൃശ്യയെ കൊലപ്പെടുത്തിയ വിനീഷ് തന്നെയാണ് സ്ഥാപനത്തിന് തീയിട്ടതെന്നാണ് പോലീസിന്റെ സംശയം. ഇതിന് പിന്നാലെയാണ് യുവാവിന്റെ ആക്രമണമെന്നാണ് പൊലീസ് പറയുന്നത്.
Read More » - News
സർവകലാശാല പരീക്ഷകൾ 28 മുതൽ
തിരുവനന്തപുരം : സംസ്ഥാനത്തെ സർവകലാശാലകളിലെ അവസാന സെമസ്റ്റർ പരീക്ഷകൾ ഈ മാസം 28 മുതൽ ആരംഭിക്കും. ബി.എഡ്. അവസാന സെമസ്റ്റർ പരീക്ഷകൾ അതിനുമുമ്പ് നടക്കും. ഫലപ്രഖ്യാപനം ഓഗസ്റ്റ് പത്തിനു മുമ്പ് നടത്തും. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു വി.സി.മാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. കോവിഡ് നിയന്ത്രണത്തിനുള്ള മാർഗനിർദേശങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പരീക്ഷാകേന്ദ്രങ്ങളിൽ ഉറപ്പാക്കണം. ഓരോ പരീക്ഷയ്ക്കുശേഷവും മുമ്പും ക്ളാസ് അണുവിമുക്തമാക്കണം. പരീക്ഷാകേന്ദ്രത്തിലേക്ക് ഒരു പ്രവേശനകവാടം മാത്രമേ പാടുള്ളൂ. വിദ്യാർഥികൾ അറ്റൻഡൻസ് ഷീറ്റിൽ ഒപ്പ് രേഖപ്പെടുത്തേണ്ടതില്ല. പരീക്ഷ സുഗമമായി നടത്താൻ സ്ഥാപന മേധാവി, വിദ്യാർഥി പ്രതിനിധികൾ, അധ്യാപക, അനധ്യാപക പ്രതിനിധികൾ, അധ്യാപക രക്ഷാകർത്തൃസമിതി പ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശവകുപ്പ് പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപവത്കരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
Read More » - Cinema
ആറു കഥകൾ ചേർന്ന’ചെരാതുകൾ’ 17-ന് ഒടിടി റിലീസ് ചെയ്യുന്നു
ആറു കഥകൾ ചേർന്ന’ ചെരാതുകൾ’ എന്ന സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. ഷാജൻ കല്ലായി, ഷാനുബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കൽ, ശ്രീജിത്ത് ചന്ദ്രൻ , ജയേഷ് മോഹൻ എന്നീ ആറു സംവിധായകരാണ് ചെരാതുകൾ ഒരുക്കിയിരിക്കുന്നത്. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ ഡോ.മാത്യു മാമ്പ്രയാണ് ചെരാതുകൾ നിർമ്മിക്കുന്നത്. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലർ, മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി നാല്പതോളം പ്രമുഖർ ചേർന്നാണ് റിലീസ് ചെയ്തത്. ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മറീന മൈക്കിൾ , ആദിൽ ഇബ്രാഹിം, മാല പാർവ്വതി, മനോഹരി ജോയ് , ദേവകി രാജേന്ദ്രൻ , പാർവ്വതി അരുൺ , ശിവജി ഗുരുവായൂർ , ബാബു അന്നൂർ എന്നിവർ ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു. ജോസ്കുട്ടി ഉൾപ്പടെ ആറു ഛായാഗ്രാഹകരും സി ആർ ശ്രീജിത്ത് അടങ്ങുന്ന ആറു എഡിറ്റേഴ്സും ഒരുമിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം മെജ്ജോ ജോസഫ് ഉൾപ്പെടുന്ന ആറു സംഗീതസംവിധായകരും നിർവ്വഹിക്കുന്നു. വിധുപ്രതാപ്, നിത്യ മാമ്മൻ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. പി ആർ ഓ – പി. ശിവപ്രസാദ്, അജയ് തുണ്ടത്തിൽ.
Read More »