Top Stories
തടവുകാരൻ കോവിഡ് ബാധിച്ച് മരിച്ചു
തിരുവനന്തപുരം : പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ കോവിഡ് ബാധിച്ച് മരിച്ചു. വിചാരണ തടവുകാരനായ മണികണ്ഠൻ (72) ആണ് മരിച്ചത്. നാലു ദിവസം മുൻപാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മണികണ്ഠനെ ചികിത്സയിൽ പ്രവേശിപ്പിച്ചത്.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീണതോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒന്നര വർഷമായി ജയിലിൽ കഴിയുന്ന മണികണ്ഠന് എവിടെനിന്നാണ് കോവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല. മണികണ്ഠന് വാർധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നു എന്നാണ് വിവരം.
പൂജപ്പുര ജയിലിലെ തടവുകാരിലും ജയിൽ ജീവനക്കാരിലും നടത്തിയ പരിശോധനയിൽ ആകെ 217 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ ജയിലിൽ തന്നെ ഒരുക്കിയിരിക്കുന്ന പ്രത്യേക ചികിത്സാ കേന്ദ്രത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.