അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തിൽ മരിച്ചു
കണ്ണൂർ : സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ കണ്ണൂർ അഴീക്കോട് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റമീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇന്നലെ അർധരാത്രിയാണ് അപകടം ഉണ്ടായത്. ഓടിക്കൊണ്ടിരിക്കുന്ന കാറിൽ റമീസിന്റെ ബൈക്ക് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ പരിക്കേറ്റ റമീസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. റമീസിന്റെ വാരിയെല്ലുകൾക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ റമീസിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. അർജുൻ ആയങ്കിയുടെ അടുത്ത സുഹൃത്തായിരുന്നു റമീസ്. സ്വർണ്ണക്കടത്ത് കേസിൽ അർജുൻ ആയങ്കിയ്ക്കൊപ്പം തന്നെ റമീസിനും ബന്ധമുണ്ട് എന്ന സംശയത്തെതുടർന്ന് ഇദ്ദേഹത്തിന്റെ വീട്ടിൽ കസ്റ്റംസ് റൈയ്ഡ് നടത്തിയിരുന്നു. എന്നാൽ റെയ്ഡിൽ പ്രത്യേകിച്ചൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. വാഹനാപകടത്തില്‍ എന്തെങ്കിലും തരത്തിലുള്ള ദുരൂഹത ഉണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്.