Top Stories

എല്ലാ ജില്ലകളിലും രോഗികൾ കൂടുന്നു; പഠനം നടത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം :  കേരളത്തിലെ കോവിഡ് വ്യാപനം സംബന്ധിച്ച്‌ പഠനം നടത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ എല്ലാ ജില്ലയിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. അത് ഗൗരവമായി കാണേണ്ടതുണ്ട്. അത് മൂന്നാം തരംഗമാണോ എന്ന് പറയാനാവില്ല. കൂടുതല്‍ പഠനം നടത്തേണ്ടതുണ്ട്. അതീവ ജാഗ്രത വേണമെന്നും നേരത്തെയുള്ള ഡെല്‍റ്റ വകഭേദത്തിന് പുറമേ മറ്റേതെങ്കിലും വകഭേദം വന്നിട്ടുണ്ടോയെന്നതടക്കം പരിശോധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നല്ല രീതിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു പോകുക എന്നത് പരമപ്രധാനമാണ്. അതിന്റെ ഭാഗമായി സെക്‌ട്രല്‍ മജിസ്‌ട്രേറ്റുമാരടക്കം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നു.

അതു തുടരാനാണ് തീരുമാനം. സംസ്ഥാനത്ത് രോഗ വ്യാപനം ചിലയിടങ്ങളില്‍ ക്ലസ്റ്ററുകളായിട്ടാണ് വരുന്നത്. അത് പ്രത്യേകമായി കണ്ട് കടുത്ത നിയന്ത്രണങ്ങളോടെ മൈക്രോ കണ്‍ടെയ്ന്‍മെന്റ് സോണ്‍ നടപ്പാക്കും.

അതേസമയം വല്ലാതെ ആശങ്കപ്പെടേണ്ടതില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. രോഗികളാകുന്നവരുടെ എണ്ണം നമ്മുടെ ചികിത്സാ സൗകര്യത്തിന്റെ പരിധി കവിയുന്നത് ഒരു ഘട്ടത്തിലും എത്തിയിട്ടില്ല. അതാണ് നമ്മുടെ കരുത്ത്. സമൂഹ ജാഗ്രത പാലിക്കണം. ഒരാള്‍ക്ക് രോഗം വന്നാല്‍ വീട്ടില്‍ തന്നെ തുടരാന്‍ പാടില്ല എന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. എല്ലാവരും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് ഇന്നു ചേര്‍ന്ന അവലോകന യോഗം വിലയിരുത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button