Top Stories
ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത
കൊച്ചി : സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കേരള- കര്‍ണാടക തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുണ്ട്. വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരത്ത് തിരമാലകള്‍ നാലു മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍ പിടുത്തക്കാരും തീരദേശവാസികളും ശ്രദ്ധിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, മലപ്പുറത്തെ മലയോര മേഖലയില്‍ കനത്ത മഴ തുടരുന്നു. ചാലിയാര്‍, പുന്നപുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. പോത്ത്കല്ലില്‍ പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്തും പോലീസും മുന്നറിയിപ്പ് നല്കി. വെള്ളം കയറിയതിനെ തുടര്‍ന്ന് മുപ്പിനി പാലത്തിലുടെയുള്ള ഗതാഗതം താത്ക്കാലികമായി നിരോധിച്ചു.