Top Stories

ഐ.എൻ.എൽ. പിളർന്നു

കൊച്ചി : എൽഡിഎഫിലെ ഘടകകക്ഷിയായ ഐ.എൻ.എൽ. (ഇന്ത്യൻ നാഷണൽ ലീഗ്) പിളർന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്‍റ് എ.പി അബ്ദുല്‍ വഹാബ് അറിയിച്ചു. നാസര്‍ കോയ തങ്ങളാണ് പുതിയ ജനറല്‍ സെക്രട്ടറിയെന്നും പ്രഖ്യാപിച്ചു. അതേസമയം അബ്ദുല്‍ വഹാബിനെ പുറത്താക്കിയതായി കാസിം ഇരിക്കൂര്‍ വിഭാഗവും അവകാശപ്പെട്ടു. നിലവിലെ വർക്കിങ് പ്രസിഡന്റ് ഹംസ ഹാജിയെയാണ് കാസിം വിഭാഗം പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഇരു വിഭാഗവും പ്രത്യേക യോഗം ചേർന്ന ശേഷം നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇരുനേതാക്കളും നടപടികൾ പ്രഖ്യാപിച്ചത്.

മന്ത്രി അഹമ്മദ് ദേവർകോവിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായും  സംസ്ഥാന പ്രസിഡന്‍റ് എ.പി അബ്ദുല്‍ വഹാബ് അറിയിച്ചു. അബ്ദുൾ വഹാബിനൊപ്പം ഏഴ് സെക്രട്ടേറിയേറ്റ് അംഗങ്ങളെയും പാർട്ടിൽനിന്ന് പുറത്താക്കിയതായി കാസിം ഇരിക്കൂറും വ്യക്തമാക്കി. ഐഎൻഎൽ ദേശീയ നേതൃത്വത്തിന്റെ പിന്തുണ തങ്ങൾക്കെന്നാണ് കാസിം വിഭാഗം അവകാശപ്പെടുന്നത്. അബ്ദുൾ വഹാബിനെ പുറത്താക്കിയ തീരുമാനം ദേശീയ നേതൃത്വത്തിന്റെതാണെന്നും കാസീം ഇരിക്കൂർ അവകാശപ്പെട്ടു.

കൊച്ചിയിൽ ഞായറാഴ്ച രാവിലെ ചേർന്ന ഐഎൻഎൽ സംസ്ഥാന നേതൃയോഗത്തിൽ ഇരുവിഭാഗം പ്രവർത്തകരും പരസ്പരം ഏറ്റുമുട്ടിയിരുന്നു. മന്ത്രി അഹമ്മദ് ദേവർകോവിൽ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലായിരുന്നു സംഭവം. ഇതിന് പിന്നാലെയാണ് ഇരുവിഭാഗങ്ങളും പ്രത്യേകം യോഗം ചേർന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button