ഇന്ന് ‘കാര്‍ഗില്‍ വിജയ് ദിവസ്’
ഇന്ന് ‘കാര്‍ഗില്‍ വിജയ് ദിവസ്’. കാര്‍ഗിലില്‍ ഇന്ത്യന്‍ സൈന്യം നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 22 വയസ്സ്. യുദ്ധത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ ഓര്‍മയ്ക്കായാണ് ജൂലായ് 26 കാര്‍ഗില്‍ വിജയദിവസമായി ആചരിക്കുന്നത്. 527 ധീര യോദ്ധാക്കളാണ് രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായത്.
തണുത്തുറഞ്ഞ കാര്‍ഗിലിലെ ഉയരമേറിയ കുന്നുകളില്‍ ഒളിച്ചിരുന്ന നുഴഞ്ഞു കയറ്റക്കാരെ തുരത്തി, പാകിസ്താന്‍ പട്ടാളം കൈയടക്കിയിരുന്ന പ്രദേശമെല്ലാം ചങ്കൂറ്റം ആയുധമാക്കിക്കൊണ്ട് ഇന്ത്യന്‍ സൈനികര്‍ തിരിച്ചുപിടിച്ചു.
1999 ലെ മഞ്ഞുമൂടിയ മേയ് മാസത്തിലായിരുന്നു, കാര്‍ഗിലിന്‍റെ മണ്ണിലേക്ക് പാകിസ്ഥാന്‍റെ കടന്നുകയറ്റം. മൈനസ് 30 ഡിഗ്രി വരെ തണുപ്പു താഴുന്ന, ഹിമാലയന്‍ മലനിരകളാല്‍ ചുറ്റപ്പെട്ട തന്ത്രപ്രധാന പ്രദേശമായ കാർഗിലിന്റെ 16,000 മുതല്‍ 18,000 അടിവരെ ഉയരത്തിലുള്ള മലനിരകളിലെ പ്രധാന ഇടങ്ങളിലെല്ലാം പാക് പട്ടാളത്തിന്റെയും ഭീകരരുടെയും നുഴഞ്ഞുകയറ്റ സംഘം നിലയുറപ്പിച്ചു.
നാട്ടുകാരായ ആട്ടിടയന്മാരില്‍ നിന്നാണ് നുഴഞ്ഞുകയറ്റത്തെക്കുറിച്ച് സൈന്യത്തിന് വിവരം ലഭിച്ചത്. തുടര്‍ന്ന് ഇവരെ തുരത്താന്‍ ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ വിജയ് ആരംഭിച്ചു. സൂചന പിന്തുടര്‍ന്ന് പട്രോളിംഗിനിറങ്ങിയ ക്യാപ്റ്റന്‍ സൗരഭ് കാലിയയുടെ നേതൃത്വത്തില്‍ പുറപ്പെട്ട അഞ്ചംഗ സംഘം മടങ്ങിവന്നില്ല. വൈകാതെ ഇന്ത്യന്‍ സൈന്യം ആ വലിയ പോരാട്ടത്തിന് പേരിട്ടു. ‘ഓപ്പറേഷന്‍ വിജയ്’.
1999 മേയ് 25- കാര്‍ഗില്‍, ദ്രാസ്, ബതാലിക്, മേഖലകളില്‍ എണ്ണൂറോളം നുഴഞ്ഞുകയറ്റക്കാരുണ്ടെന്ന് തിരിച്ചറിഞ്ഞ ഇന്ത്യൻ കരസേനയും വ്യോമസേനയും ആക്രമണം ആരംഭിച്ചു. ആകാശത്തുനിന്ന് വ്യോമസേനയുടെ മിഗ്, മിറാഷ് വിമാനങ്ങളും, താഴ്‌വാരത്ത് നിന്ന് കരസേനയുടെ ബൊഫോഴ്‌സ് തോക്കുകളും പാക് നുഴഞ്ഞുകയറ്റുകാര്‍ക്ക് നേരെ നിരന്തരം തീ തുപ്പി.
ഇന്ത്യന്‍ സൈന്യത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനുള്ള കരുത്തില്ലെന്ന് ബോധ്യപ്പെട്ട പാക് പട പരാജയം സമ്മതിച്ചു. ജൂണ്‍ 13 ന് താലോലിങ് കൊടുമുടിയും ജൂലായ് 4 ന് ടൈഗര്‍ ഹില്‍സും ഇന്ത്യന്‍സേന പിടിച്ചെടുത്തു. തന്ത്രപ്രധാന കുന്നുകളിലെല്ലാം ഇന്ത്യന്‍ പാതക വീണ്ടും ഉയര്‍ന്നു പാറി.
തുടർന്ന് ജൂലായ് 11 ന് നുഴഞ്ഞുകയറ്റക്കാര്‍ കാര്‍ഗിലില്‍നിന്ന് പിന്‍മാറ്റം തുടങ്ങി. ബതാലിക്കിലെ മലനിരകള്‍ തിരിച്ചുപിടിച്ച ഇന്ത്യ സമ്പൂര്‍ണപിന്മാറ്റത്തിന് ജൂലായ് 16 സമയപരിധി നിശ്ചയിച്ചു. ജൂലായ് 14- ഓപ്പറേഷന്‍ വിജയ് ലക്ഷ്യംകണ്ടതായി പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് പ്രഖ്യാപിച്ചു.