ബസവരാജ് ബൊമ്മയ് കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രി
ബംഗളൂരു : ബസവരാജ് ബൊമ്മയ് കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയാകും. ഇന്ന് ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷിയോഗമാണ് അദ്ദേഹത്തെ നിയമസഭാ കക്ഷിനേതാവായി തെരഞ്ഞെടുത്തത്. കഴിഞ്ഞദിവസം യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനെതുടർന്നാണ് ബസവരാജ് ബൊമ്മയ്യെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.
മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ നേതാവുമായ എസ് ആര് ബൊമ്മയുടെ മകനാണ് ബസവരാജ്. നിലവിൽ യെദ്യൂരപ്പ സർക്കാരിലെ ആഭ്യന്തര മന്ത്രിയാണ് . 2008ലാണ് ജനതാദളില്‍ നിന്നും ബാസവ ബിജെപിയിലെത്തിയത്. മുന്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ വിശ്വസ്തനും ലിംഗായത്ത് നേതാവുമാണ് ബസവരാജ്.
കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്, കര്‍ണാടകയുടെ ചുമതലയുള്ള ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് എന്നിവരാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ നേതൃത്വം നല്‍കിയത്. ദളിത് വിഭാഗത്തില്‍ നിന്നും ഒരാളെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും ദേശീയ നേതൃത്വം അതിന് അനുമതി നല്‍കിയില്ല. എസ് അംഗാരയുടെ പേരായിരുന്നു ദേശീയ നേതൃത്വത്തിന് മുന്നില്‍ വന്നിരുന്നത്. ആറ് തവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട അംഗാര നിലവില്‍ ഫിഷറിസ് മന്ത്രിയാണ്.
അഴിമതി ആരോപണങ്ങളും കൊവിഡ് പ്രതിരോധ പാളിച്ചകളും ഉയര്‍ത്തി പാര്‍ട്ടിയിലും സര്‍ക്കാരിലും വിമതനീക്കം ശക്തമായതാണ് യെഡിയൂരപ്പയുടെ രാജി അനിവാര്യമാക്കിയത്. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിൽ തന്റെ സർക്കാരിന്റെ രണ്ടാം വാർഷികദിനത്തിലാണ് യെദ്യൂരപ്പ രാജിവെച്ചത്.