Top Stories

നിയമസഭാ കയ്യാങ്കളി: കേസ് പിൻവലിക്കണമെന്ന സംസ്ഥാന സർക്കാർ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി : നിയമസഭാ കയ്യാങ്കളിക്കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ അപേക്ഷ സുപ്രീം കോടതി തള്ളി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെ കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വിധിച്ചു. പൊതുമുതൽ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനാവില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എം.ആർ. ഷാ ആയിരുന്നു ബെഞ്ചിലെ രണ്ടാമത്തെ അംഗം.

സഭയുടെ പരിരക്ഷ ജനപ്രതിനിധികൾ എന്ന നിലയിൽ മാത്രമാണ്. ക്രിമിനൽ കുറ്റത്തിൽനിന്നുള്ള പരിരക്ഷയല്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വിധിപ്രസ്താവത്തിൽ വ്യക്തമാക്കി.184-ാം അനുച്ഛേദം തെറ്റായി വ്യാഖ്യാനിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസ് പിൻവലിക്കാനുള്ള സർക്കാർ നടപടി തെറ്റാണ്. എം.എൽ.എമാരുടെ നടപടികൾ ഭരണഘടനയുടെ അതിർവരമ്പുകൾ ലംഘിച്ചു. അതിന് ജനപ്രതിനിധികളുടെ പരിപക്ഷ പ്രയോജനപ്പെടുത്താനാവില്ലന്നും കോടതി പറഞ്ഞു.

കയ്യാങ്കളി നടത്തിയ എം.എൽ.എ.മാർക്കെതിരേ ക്രിമിനൽ നടപടിച്ചട്ടത്തിലെ 321-ാം വകുപ്പ് പ്രകാരം രജിസ്റ്റർചെയ്ത കേസ് റദ്ദാക്കാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിസമ്മതിച്ചിരുന്നു. ഇതിനെതിരേ സംസ്ഥാനസർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് സുപ്രീംകോടതിയിലെത്തിയത്.

കേസ് പിന്‍വലിക്കാനുള്ള നീക്കത്തിനെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ശക്തമായി എതിര്‍ത്തിരുന്നു. ബാറുകള്‍ തുറക്കാന്‍ ധനമന്ത്രിയായിരുന്ന കെ.എം.മാണി ബാര്‍ ഉടമകളില്‍ നിന്നും ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ബജറ്റ് അവതരണം തടസപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചത്. 2015 മാര്‍ച്ച്‌ 13നായിരുന്നു കെ.എം.മാണിയുടെ ബജറ്റ് അവതരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button