മാനസയെ കൊല്ലാനുപയോഗിച്ച തോക്ക് നൽകിയയാൾ പിടിയിൽ
കൊച്ചി : മാനസയെ വെടിവെച്ച് കൊലപ്പെടുത്താൻ രഖിൽ ഉപയോഗിച്ച തോക്ക് നൽകിയയാൾ പിടിയിൽ. ബിഹാർ സ്വദേശി സോനു കുമാർ മോദിയാണ് പിടിയിലായത്. ബീഹാറിൽ നിന്ന് ബിഹാർ പോലീസിന്റേയും സ്പെഷ്യൽ സ്ക്വാഡിന്റേയും സഹായത്തോടെ അതിസാഹസികമായാണ് കേരള പോലീസ് ഇയാളെ പിടികൂടിയത്. വിശദമായ ചോദ്യംചെയ്യലിനായി ഇയാളെ കേരളത്തിലേക്ക് കൊണ്ട് വരും.
കോതമംഗലം എസ്ഐ മാഹിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് സോനുവിനെ പിടികൂടിയത്. രഖിൽ ബിഹാറിൽ നിന്നാണ് തോക്ക് സംഘടിപ്പിച്ചതെന്ന് ഇയാളുടെ ചില സുഹൃത്തുക്കളുടെ മൊഴിയിൽ നിന്ന് പോലീസ് മനസ്സിലാക്കിയിരുന്നു. ഇതിന് പിന്നാലെ ബിഹാറിലെത്തി സോനുവിനെ പിടികൂടാൻ ശ്രമിച്ച കേരള പോലീസ് സംഘത്തിന് നേരെ അയാളുടെ കൂട്ടാളികൾ ആക്രമണം നടത്തിയിരുന്നു. തുടർന്ന് ബിഹാർ പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.
ബിഹാറിലെത്തിയ ശേഷം രഖിൽ ഒരു ടാക്സി ഡ്രൈവർ വഴിയാണ് സോനുവിലേക്ക് എത്തിയത്. തോക്ക് വിൽപ്പന കേന്ദ്രങ്ങളെ കുറിച്ച് രഖിലിന് വിവരങ്ങൾ നൽകിയതും ടാക്സി ഡ്രൈവറാണ്. ഇയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണവും പോലീസ് നടത്തുന്നുണ്ട്.
ജൂലൈ 30നാണ് എറണാകുളം കോതമംഗലത്ത് ഡന്റല്‍ കോളജ് വിദ്യാര്‍ഥിനിയായ മാനസയെ രാഖില്‍ വെടിവെച്ച് കൊന്നത്. മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖിലും ആത്മഹത്യ ചെയ്തു. ബെംഗലൂരുരില്‍ എംബിഎ പഠിച്ച് ഇന്റീരിയര്‍ ഡിസൈനറായി ജോലിചെയ്യുകയായിരുന്നു രാഖില്‍.