നടി ശരണ്യ ശശി അന്തരിച്ചു
തിരുവനന്തപുരം : നടി ശരണ്യ ശശി (33) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം.
ഏറെ നാളായി ട്യൂമർ ബാധിതയായി ചികിത്സയിലായിരുന്നു. കോവിഡ് ബാധിച്ച് കുറച്ച് നാളുകൾക്ക് മുൻപാണ് ശരണ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് മാറിയെങ്കിലും ന്യുമോണിയ പിടികൂടി. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം ന്യുമോണിയയിൽ നിന്ന് മുക്തയായ ശരണ്യ നീട്ടിൽ തിരിച്ചെത്തി. പിന്നീട് രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ശരണ്യ. കുടുംബത്തിനോടൊപ്പം തിരുവനന്തപുരത്താണ് താമസം. ചാക്കോ രണ്ടാമന് എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ എന്നീ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമായ ശരണ്യയ്ക്ക് 2012 ലാണ് ആദ്യം ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനില്‍ കുഴഞ്ഞ് വീണ ശരണ്യയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്. പിന്നീട് അങ്ങോട്ട് ചികിത്സയുടെ കാലമായിരുന്നു. ചികിത്സയുമായി ബന്ധപ്പെട്ട് പതിനൊന്നു സര്‍ജറികള്‍ ആണ് ഇതു വരെ നടന്നത്.