Top Stories

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിന്റെ നിറവില്‍ രാജ്യം; ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി

ന്യൂഡൽഹി : എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു രാജ്യം. രാവിലെ ഏഴ് മണിയോടെ രാഷ്ട്രപിതാവിന്റെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തി പ്രധാനമന്ത്രി പുഷ്പാർച്ച നടത്തി. ശേഷം 7.30ഓടെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി. പുതു ഊർജം പകരുന്ന വർഷമാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. സ്വാതന്ത്ര്യ സമരപോരാളികളെ അനുസ്മരിച്ചും കോവിഡ് ഭടന്മാർക്ക് ആദരം അർപ്പിച്ചുമാണ് ചെങ്കോട്ടയിൽ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുള്ള പ്രസംഗം തുടങ്ങിയത്.

നേതാജി സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിങ്, രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു എന്നിവരെ  പ്രധാനമന്ത്രി അനുസ്മരിച്ചു. രാജ്യത്തെ വിഭജനകാലത്തേയും അതിനായി ജീവൻവെടിഞ്ഞവരേയും പ്രധാനമന്ത്രി അനുസ്മരിച്ചു. എല്ലാ വർഷവും ഓഗസ്റ്റ് 14 വിഭജനഭീതി ദിനമായി ആചരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒളിമ്പിക്സ് വേദിയിൽ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ കായിക താരങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഒളിമ്പിക്സ് വേദിയിൽ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ കായികതാരങ്ങൾ  ഒളിമ്പിക്സ് വേദിയിലെ പ്രകടനത്തിലൂടെ നമ്മുടെ ഹൃദയം കീഴടക്കുക മാത്രമല്ല താരങ്ങൾ ഭാവി തലമുറയ്ക്ക് പ്രചോദനമായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ മുന്നിൽ നിന്ന് പടനയിച്ച ആരോഗ്യപ്രവർത്തകർ, ശുചീകരണതൊഴിലാളികൾ, വാക്സിൻ വികസിപ്പിക്കാൻ പ്രയത്നിച്ച ശാസ്ത്രജ്ഞർ എന്നിവരെ രാജ്യം ആദരിക്കുന്നുവെന്ന് പ്രധാനമന്ത്രി. ഒരുപാട് പ്രതിസന്ധികളെ തരണംചെയ്താണ് രാജ്യം കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുന്നോട്ട് പോയത്. നമ്മുടെ ശാസ്ത്രജ്ഞരുടെ പ്രയത്നത്തിന്റെ ഫലമായി വാക്സിനുകൾക്കായി നമുക്ക് മറ്റ് രാജ്യങ്ങളെ ആശ്രയിക്കാതെ മുന്നോട്ട് പോകാൻ കഴിഞ്ഞു. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ പ്രക്രിയയുടെ ഭാഗമായി രാജ്യത്ത് ഇതുവരെ 54 കോടിയിലധികം ജനങ്ങൾക്ക് വാക്സിൻ നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനത്ത് ആഘോഷങ്ങൾ നടക്കുന്നത്. അമൃത് മഹോത്സവ് എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തോടാനുബന്ധിച്ച്‌ ആഘോഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button