പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തു
കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ ഭരണം പൂർണ്ണമായും പിടിച്ചെടുത്ത് താലിബാന്‍. കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെ നിയന്ത്രണവും താലിബാൻ ഏറ്റെടുത്തു. കൊട്ടാരത്തില്‍ നിന്നും അഫ്ഗാന്‍ പതാക നീക്കി. പകരം താലിബാന്റെ കൊടി നാട്ടി. ഭരണം പിടിച്ചെടുത്തതായുള്ള ഔദ്യോഗികപ്രഖ്യാപനം പ്രസിഡന്റിന്റെ കൊട്ടാരത്തിൽനിന്ന് ഉണ്ടാകുമെന്നാണ് താലിബാന്റെ അറിയിപ്പ്. താലിബാൻ കമാൻഡർ മുല്ല അബ്ദുൾഗനി ബറാദർ പുതിയ പ്രസിഡന്റാവുമെന്നാണ് സൂചന. ഇതോടെ രണ്ടുപതിറ്റാണ്ടിനുശേഷം അഫ്ഗാനിസ്താന്റെ ഭരണം വീണ്ടും താലിബാൻ കൈയ്യടക്കി.
പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്ന് താലിബാൻ നേതാക്കൾ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെ സുരക്ഷാ ചുമതല താലിബാന്റെ ബദ്രി യൂണിറ്റ് ഏറ്റെടുത്തുവെന്നാണ് താലിബാന്‍ അനുകൂല മാധ്യമമായ മാഷല്‍ അഫ്ഗാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനങ്ങള്‍ താലിബാനെ ഭയപ്പെടേണ്ടതില്ലെന്നും താലിബാന്‍ വക്താവ് പറഞ്ഞു.
കാബൂൾ കൈയടക്കിയതോടെ നിലവിലെ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യംവിട്ടു. താജിക്കിസ്താനിലേക്കാണ് അദ്ദേഹം രക്ഷപെട്ടതെന്നാണ് സൂചന. സുരക്ഷാകാരണങ്ങൾ പരിഗണിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൂടുതൽ രക്തച്ചൊരിച്ചിൽ തടയുന്നതിനാണ് താൻ ഒളിച്ചോടിയതെന്ന് ഗനി പിന്നീട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.
അതിനിടെ ഐക്യരാഷ്ട്ര രക്ഷാസമിതി ഇന്ന് യോഗം ചേരും. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ യോഗം ചര്‍ച്ച ചെയ്യും. യുഎന്‍ രക്ഷാ സമിതി യോഗത്തിനായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അമേരിക്കയ്ക്ക് തിരിച്ചു. ഏതു സാഹചര്യവും നേരിടാൻ ഒരുങ്ങിയിരിക്കണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇന്ത്യൻ സൈന്യത്തിന് മുന്നറിയിപ്പുനൽകി.