ശബരിമലയില്‍ നിറപുത്തരി പൂജ നടന്നു
പത്തനംതിട്ട : ശബരിമലയില്‍ നിറപുത്തരി പൂജ നടന്നു. പുലര്‍ച്ചെ 5.55നും 6.20നും ഇടയിലായിരുന്നു നിറപുത്തരിപൂജ. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു നിറപുത്തരി പൂജ നടന്നത്. സന്നിധാനത്ത് വിളയിച്ച നെല്‍ക്കതിരുകളാണ് ഇത്തവണ പൂജയ്ക്കെടുത്തത്. ഉച്ചപൂജയ്ക്ക് പുത്തരി കൊണ്ടുള്ള പായസവും അയ്യപ്പന് നിവേദിക്കും.
ശബരിമല ചിങ്ങമാസ പൂജകള്‍ക്കും നിറപുത്തരിക്കുമായി ഇന്നലെ വൈകീട്ടാണ് നട തുറന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി കെ ജയരാജ് പോറ്റിയാണ് നട തുറന്നത്. ഭക്തര്‍ക്ക് ഇന്നു പുലര്‍ച്ചെ മുതല്‍ പ്രവേശനം അനുവദിക്കും.
വെര്‍ച്വല്‍ ക്യൂവില്‍ ബുക്കു ചെയ്ത 15,000 പേര്‍ക്ക് വീതമാണ് പ്രതിദിനം ദര്‍ശനാനുമതി. ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്കും ദര്‍ശനത്തിനെത്താം. കോവിഡ് പരിശോധന നടത്താതെ വരുന്നതോ, സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി 48 മണിക്കൂര്‍ കഴിഞ്ഞവരോ ആയവര്‍ക്കു വേണ്ടി നിലയ്ക്കലില്‍ ആര്‍ടിപിസിആര്‍ പരിശോധനാ സംവിധാനം ഉണ്ടാകും. നാലു മണിക്കൂറിനുള്ളില്‍ ഫലം അറിയാനാകും.