മൈസുരു കൂട്ടബലാത്സംഗം: പിടിയിലായത് തിരുപ്പൂർ സ്വദേശികൾ
ബംഗളുരു : മൈസൂരുവിൽ എം.ബി.എ. വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അഞ്ച് പ്രതികൾ അറസ്റ്റിൽ. തമിഴ്നാട് തിരുപ്പൂർ സ്വദേശികളാണ് പിടിയിലായത്. ഇവരിലൊരാൾ പ്രായപൂർത്തിയാകാത്ത ആളാണെന്നാണ് വിവരം. പ്രതികളെല്ലാം നിർമാണ തൊഴിലാളികളാണ്.
കർണാടക ഡി.ജി. പ്രവീൺ സൂദ് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അഞ്ച് പ്രതികളും അറസ്റ്റിലായെന്ന വിവരം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽനിന്ന് മൈസൂരുവിൽ ജോലിക്കെത്തിയ ഇവർ സംഭവത്തിനുശേഷം രക്ഷപ്പെടുകയായിരുന്നുവെന്നും ഡി.ജി. പറഞ്ഞു. അതേസമയം, പ്രതികളുടെ പേരോ മറ്റുവിവരങ്ങളോ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഓഗസ്റ്റ് 24നാണ് യുപി സ്വദേശിയായ 22കാരിയെ ചാമുണ്ഡി ഹില്ലിനടുത്ത് ലളിതാദ്രിപുരയില് കൂട്ട ബലാത്സംഗത്തിനിരയായത്. സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച ശേഷം പെണ്‍കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയി ക്രുരമായി പീഡിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഇപ്പോഴും ചികിത്സയിലാണ്.