ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഡിസിസി പ്രസിഡന്റുമാരെ തീരുമാനിച്ചതെന്ന് കെ മുരളീധരന്‍
തിരുവനനന്തപുരം : ഡിസിസി പ്രസിഡന്റ് പട്ടികയില്‍ വേണ്ടത്ര ചര്‍ച്ചകള്‍ നടന്നില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വാദം തള്ളി കെ മുരളീധരന്‍. ഫലപ്രദമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഡിസിസി പ്രസിഡന്റുമാരെ തീരുമാനിച്ചതെന്ന് കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡിസിസി അധ്യക്ഷന്മാരായി തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം യോഗ്യരാണെന്നും എല്ലാകാലത്തും ഉദ്ദേശിച്ച പോലെ പട്ടിക പുറത്ത് വരാറില്ലെന്നും ഇത്തവണ വിശാലമായ ചര്‍ച്ചകള്‍ ഉണ്ടായെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
പണ്ടെല്ലാം പത്രങ്ങള്‍ നോക്കിയാണ് ഞാൻ പലതും അറിയാറ്. ഇത്തവണ സീനീയര്‍ നേതാക്കളുടെ ഉള്‍പ്പെടെ എല്ലാവരുടെയും അഭിപ്രായം നേതൃത്വം ആരാഞ്ഞു. ഓരോ ജില്ലയുടെയും കാര്യത്തില്‍ പ്രത്യേകം ചര്‍ച്ചകള്‍ നടന്നു. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി. ഇത്തവണത്തെ ഡിസിസി പ്രസിഡന്റുമാര്‍ എല്ലാം യോഗ്യതയുള്ളവരാണ്. ചെറുപ്പക്കാരും സീനിയേഴ്‌സും അടങ്ങുന്നതാണ് 14
ജില്ലയുടെയും ഡിസിസി പ്രസിഡന്റുമാര്‍. ഇന്നത്തെ സാഹചര്യത്തില്‍ മെച്ചപ്പെട്ട പട്ടികയാണിത്. സീനിയേഴ്‌സിനെ വെച്ചു എന്നാണ് ചിലരുടെ ആക്ഷേപം. സീനിയേഴ്‌സ് എന്നാല്‍ എഴുന്നേറ്റ് നടക്കാന്‍ കഴിയാത്തവര്‍ എന്നല്ല അര്‍ത്ഥം. അവര്‍ വൃദ്ധ സദനത്തിലെ അംഗങ്ങള്‍ അല്ല. എല്ലാവരും കഴിവുള്ളവരാണെന്നും മുരളീധരന്‍ പറഞ്ഞു.
ഡിസിസി അധ്യക്ഷന്മാരില്‍ മഹാഭൂരിഭാഗം പേരും മുന്‍ എംഎല്‍എമാരും പ്രാദേശിക തെരഞ്ഞെടുപ്പില്‍ വിജയിച്ച് വന്നവരും തദ്ദേശ തെരഞ്ഞെടുപ്പിന്റെ തലപ്പത്തിരുന്നവരുമാണ്. ജനകീയമായിട്ടുള്ള മുഖമാണ് പുന സംഘടനയിലൂടെ കോണ്‍ഗ്രസിനുണ്ടിയിട്ടുള്ളത്. ഡിസിസി അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതില്‍ ഗ്രൂപ്പ് ഒരു യോഗ്യതയോ യോഗ്യത ഇല്ലായ്മയോ അല്ല, മുതിര്‍ന്ന നേതാക്കളും ചെറുപ്പക്കാരും പട്ടികയില്‍ ഉണ്ട്. ഓരോരോ ജില്ലയുടെ കാര്യങ്ങളും സം രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അടക്കമുള്ള നേതാക്കളുമായി രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കള്‍ സംസാരിച്ചിരുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞു.
കെ ശിവദാസന്‍ നായര്‍ക്കും കെപി അനില്‍കുമാറിനും എതിരെ എടുത്ത നടപടി അന്തിമമല്ലെന്നും അവര്‍ക്കൊക്കെ തിരുത്തി തിരിച്ചുവരാവുന്നതാണെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്നതാണ് അന്തിമലക്ഷ്യം. 2016 ലും 21 ലും പാര്‍ട്ടി പരാജയപ്പെട്ടു. ഇനിയുള്ള തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് നിന്ന് വിജയിക്കുകയെന്നതാണ് കോണ്‍ഗ്രസിന് മുന്നിലെ വെല്ലുവിളി. ഒരു പൊട്ടിതെറിയുണ്ടാവുമെന്ന് കരുതുന്നില്ല. ചില്ലറ അസ്വാരസ്യങ്ങളെക്കെ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.