ഡി.സി.സി അധ്യക്ഷ പട്ടിക: ചര്‍ച്ച നടത്തിയില്ലെന്ന് പറയുന്നത് വാസ്തവ വിരുദ്ധമെന്ന് സുധാകരൻ
ന്യൂഡല്‍ഹി : ഡിസിസി പ്രസിഡന്റ് പട്ടികയുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നടത്തിയ അഭിപ്രായങ്ങളെ തളളി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഉമ്മന്‍ ചാണ്ടിയെപ്പോലൊരാള്‍ അങ്ങനെ പറഞ്ഞതില്‍ മനോവിഷമം ഉണ്ട്. അദ്ദേഹം അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ഉമ്മന്‍ ചാണ്ടി പറയുന്നത് നിഷേധിക്കേണ്ടി വന്നതില്‍ വളരെ പ്രയാമുണ്ടന്നും സുധാകരൻ പറഞ്ഞു.
ഡി.സി.സി അധ്യക്ഷ പട്ടിക സംബന്ധിച്ച് ചര്‍ച്ച നടത്തിയില്ലെന്ന് പറയുന്നത് അസത്യവും വാസ്തവ വിരുദ്ധവുമാണ്. ഞാനും ഉമ്മന്‍ ചാണ്ടിയും രണ്ടു തവണ ചര്‍ച്ച നടത്തി. രണ്ടു തവണ ചര്‍ച്ച നടത്തിയപ്പോഴും ഉമ്മന്‍ ചാണ്ടി സ്വന്തം ആളുകളുടെ പ്രൊപ്പോസല്‍ പറഞ്ഞിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി പറഞ്ഞവരില്‍ പലരും പട്ടികയില്‍ വന്നിട്ടുമുണ്ട്. രമേശ് ചെന്നിത്തലയുമായി രണ്ടു തവണ സംസാരിച്ചിട്ടുണ്ട്. ഓരോ ജില്ലയെക്കുറിച്ചും രമേശുമായി സംസാരിച്ചിട്ടുണ്ടന്നും കെ. സുധാകരന്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. അവരുടെ അഭിപ്രായം എഴുതിയ ഡയറിക്കുറിപ്പും സുധാകരന്‍ ഉയര്‍ത്തിക്കാട്ടി.
ഏറെനാള്‍ രണ്ടുപേര്‍ ചേര്‍ന്ന് കാര്യങ്ങള്‍ നിശ്ചയിച്ചു. അതില്‍ നിന്നും മാറിയ ഒരു സംവിധാനമുണ്ടാകുമ്പോള്‍ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ സ്വാഭാവികമല്ലേയെന്നും, ഇവര്‍ കൈകാര്യം ചെയ്ത കാലഘട്ടങ്ങളില്‍ എത്ര ചര്‍ച്ച നടത്തിയിട്ടാണ് ഭാരവാഹിപ്പട്ടികയും സ്ഥാനാര്‍ഥിപ്പട്ടികയും ഉണ്ടാക്കിയിട്ടുള്ളതെന്നും കെ.സുധാകരന്‍ ചോദിച്ചു.
താന്‍ നാല് വര്‍ഷം കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായിരുന്നു. അന്ന് പാര്‍ട്ടിയില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ഇരുവരും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ചര്‍ച്ച നടത്തി വീതം വയ്‌ക്കുകയായിരുന്നു പതിവെന്നും കെ.സുധാകരന്‍ തുറന്നടിച്ചു.
പാര്‍ട്ടിയില്‍ രണ്ടുപേര്‍ക്കെതിരെ നടപടിയെടുത്തു. പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ മാര്‍ഗമില്ലെങ്കില്‍ നടപടിയെടുക്കണ്ടേയെന്ന് കെ.സുധാകരന്‍ ചോദിച്ചു. വ്യക്തതയില്ലാത്ത കാര്യത്തിനാണ് വിശദീകരണം ചോദിക്കുക. ഇവിടെ കാര്യങ്ങള്‍ വ്യക്തമല്ലേയെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.