താനും സുധാകരനും മൂലക്കിരുന്ന് എഴുതിയുണ്ടാക്കിയ പട്ടികയല്ല: സതീശൻ
കൊച്ചി : ഡി.സി.സി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടുള്ള ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പരസ്യ പ്രതികരണങ്ങളില്‍ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാന്‍ ആണെങ്കില്‍ പിന്നെ താന്‍ ഈ സ്ഥാനത്ത് എന്തിനാണെന്നും 14 ഡി.സി.സി അധ്യക്ഷന്മാരെയും പ്രഖ്യാപിച്ചതില്‍ എനിക്കും സുധാകരനും പൂര്‍ണമായ ഉത്തരവാദിത്വം ഉണ്ട്ന്നും അനാവശ്യമായ ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്നും വിഡി സതീശന്‍ വ്യക്തമാക്കി.
താനും സുധാകരനും മൂലക്കിരുന്ന് എഴുതിയുണ്ടാക്കിയ പട്ടികയല്ല പുറത്ത് വന്നത്. ഇത്രയും വേഗത്തില്‍ ലിസ്റ്റ് പ്രഖ്യാപിച്ച കാലം ഉണ്ടായിട്ടില്ല. ചര്‍ച്ച നടന്നില്ല എന്ന ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വാദം തെറ്റാണ്. താഴെത്തട്ടില്‍ വരെ മാറി മാറി ചര്‍ച്ച നടത്തി. ഡിസിസി ലിസ്റ്റില്‍ ആരും പെട്ടിതൂക്കികള്‍ അല്ല. എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരു പട്ടിക ഉണ്ടാക്കാന്‍ ആകില്ല. അത്തരം വിമര്‍ശനങ്ങള്‍ അംഗീകരിക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
പുതിയ നേതൃത്വത്തെ ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തുമ്പോള്‍ പുതിയ നേതൃത്വം തീരുമാനിക്കട്ടെയെന്നാണ് അന്നൊക്കെ കെ കരുണാകരനും എകെ ആന്റണിയും പറഞ്ഞത്. അദ്ദേഹം ഇത്തവണയും അത് തന്നെയാണ് പറയുന്നത്. ഞങ്ങള്‍ വരുമ്പോള്‍ മാറ്റങ്ങള്‍ ഉണ്ടാവും, സാമ്ബ്രദായിക രീതിയില്‍ മാറ്റം വരും. കഴിഞ്ഞ 18 വര്‍ഷമായി ചെയ്ത രീതിയില്‍ നിന്നും മാറ്റം വന്നിട്ടുണ്ട്. താഴേത്തട്ടിലേക്ക് ചര്‍ച്ച പോയിട്ടുണ്ട്. എല്ലാവരേയും തൃപ്തിപ്പെടുത്തി ലിസ്റ്റ് ഇറക്കാന്‍ പറ്റുമോ. ജനാധിപത്യ രീതിയിലാണ് പട്ടിക തയ്യാറാക്കിയതെന്നും വിഡി സതീശന്‍ വ്യക്തമാക്കി.
പട്ടിക വൈകുന്നു എന്ന് ഒരു ഭാഗത്തു പറയുക, മറ്റൊരു ഭാഗത്തു ഇത് നീട്ടികൊണ്ട് പോകുക അത് ശരിയല്ല. നമ്മള്‍ ഏത് ലിസ്റ്റ് പുറത്ത് വിട്ടാലും പൂര്‍ണ്ണതയുള്ള ലിസ്റ്റ് ആഗ്രഹിക്കും. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ അധ്യക്ഷന്മാരെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇത്രയും ചര്‍ച്ച നടത്തിയ കാലം ഉണ്ടായിട്ടില്ല. പലകാര്യങ്ങളും പരിഗണിച്ചുകൊണ്ടാണല്ലോ ലിസ്റ്റ് പുറത്ത് വിടുന്നത്. അനാവശ്യ സമ്മര്‍ദ്ദത്തിന് വഴങ്ങില്ല. യുഡിഎഫിനെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം ആണെന്നും വി.ഡി സതീശന്‍ കൊച്ചിയില്‍ പറഞ്ഞു.