ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഇല്ലെന്ന് സങ്കടം പറഞ്ഞു; ഫോണുമായി വീട്ടിലെത്തി സുരേഷ് ഗോപി
മലപ്പുറം : ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഇല്ലെന്ന് ഫോൺ വിളിച്ചു പറഞ്ഞ വിദ്യാര്‍ഥിനിക്ക് സഹായവുമായി സുരേഷ് ഗോപി എംപി വീട്ടിലെത്തി. മൊബൈല്‍ ഫോണും പലഹാരവുമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ അദ്ദേഹം പാതി വഴിയില്‍ മുടങ്ങിയ വീടുനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സഹായവും വാഗ്ദാനം ചെയ്തു.
എസ്എസ്എല്‍സി ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഇല്ലാത്ത വിദ്യാര്‍ഥിനി ഒരാഴ്ച മുന്‍പാണ് സുരേഷ് ഗോപിയെ ഫോണില്‍ വിളിച്ച് സങ്കടം അറിയിച്ചത്. പെണ്‍കുട്ടി സങ്കടം വിളിച്ച് പറഞ്ഞപ്പോള്‍ വഴിയുണ്ടാക്കാമെന്ന് സുരേഷ് ഗോപി പറഞ്ഞെങ്കിലും വീട്ടു പരിസരത്തെ ചെളി നിറഞ്ഞ വഴിയിലൂടെ മലയാളത്തിന്റെ പ്രിയ നടന് തന്റെ കൊച്ചുവീട്ടിലേക്ക് എത്തുമെന്ന് പെണ്‍കുട്ടി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കൊച്ചിയില്‍നിന്നു വാങ്ങിയ പലഹാരങ്ങളും അദ്ദേഹം കരുതിയിരുന്നു. പാതിവഴിയില്‍ നിലച്ച വീടു നിര്‍മാണം പൂര്‍ത്തിയാക്കാന്‍ തന്റെ ട്രസ്റ്റ് സഹായിക്കുമെന്നും വിവരം പിന്നാലെ അറിയിക്കാമെന്നും പറഞ്ഞാണ് സുരേഷ് ഗോപി മടങ്ങിയത്.