Top Stories

സംസ്ഥാന കോൺഗ്രസിൽ പൊട്ടിത്തെറി; അതൃപ്തി പരസ്യമാക്കി നേതാക്കൾ

തിരുവനന്തപുരം : ഡിസിസി അധ്യക്ഷൻമാരെ പ്രഖ്യാപിച്ചതോടെ സംസ്ഥാന കോൺഗ്രസിൽ പൊട്ടിത്തെറി. തിരഞ്ഞെടുപ്പ് സംബന്ധിച്ച് അതൃപ്തി പരസ്യമാക്കി മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും. വേണ്ടത്ര ചർച്ചകൾ നടത്താതെയാണ് കേരളത്തിൽ ഡിസിസി അധ്യക്ഷൻമാരെ പ്രഖ്യാപിച്ചതെന്ന് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും തുറന്നടിച്ചു.

ഫലപ്രദമായ ചർച്ച നടന്നില്ലെന്ന് മാത്രമല്ല ചർച്ച ചെയ്യാതെ ചർച്ച ചെയ്തുവെന്ന് വരുത്തിതീർത്തുവെന്ന് ഉമ്മൻചാണ്ടി വിമർശിച്ചു. പുന:സംഘടനയുമായി ബന്ധപ്പെട്ട് അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചു, ഇടുക്കി കോട്ടയം ജില്ലകളിലെ പ്രസിഡന്റുമാർക്കായി താൻ ചരടുവലി നടത്തിയെന്ന വാർത്തകൾ തെറ്റാണെന്നും  അദ്ദേഹം പറഞ്ഞു.

അഭിപ്രായം പറയുന്നവർക്കെതിരെയുള്ള നടപടിയിലും ഉമ്മൻചാണ്ടി നിലപാട് വ്യക്തമാക്കി. കോൺഗ്രസിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ അത് ദുരുപയോഗം ചെയ്യാൻ പാടില്ല. വിശദീകരണം ചോദിച്ച ശേഷം നടപടി എന്നതാണ് ജനാധിപത്യപരമായി പിന്തുടരേണ്ട രീതിയെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

കേരളത്തിൽ മുൻപും പുനസംഘടന നടന്നിട്ടുണ്ട്. അന്നൊക്കെ കേരളത്തിൽ ചർച്ചകൾ നടക്കുമായിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും നിലപാടുകളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഹൈക്കമാൻഡിന് തീരുമാനമെടുക്കാൻ എളുപ്പമായിരുന്നു. വേണ്ടത്ര ചർച്ചകൾ നടന്നിരുന്നുവെങ്കിൽ ഇത്രയും മോശമായ ഒരു അന്തരീക്ഷമുണ്ടാകുന്നത് ഒഴിവാക്കാമായിരുന്നുവെന്നും നേതാക്കൾ പറയുന്നു.

പട്ടിക പൂർണമായും അംഗീകരിക്കുന്നുവെന്നാണ് ചെന്നിത്തല പ്രതികരിച്ചത്. അഭിപ്രായവ്യത്യാസങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. ചർച്ചകൾ ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോഴത്തെ പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയുമായിരുന്നു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 14 ഡിസിസി അധ്യക്ഷൻമാരേയും അംഗീകരിക്കുന്നു. എല്ലാവരും തന്റെ ആളുകളാണെന്നും അങ്ങനെയാണ് അവർ തിരിച്ചും തന്നെ കാണുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button