മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും പരസ്യ വിചാരണ ചെയ്ത ഉദ്യോഗസ്ഥയ്ക്ക് നല്ലനടപ്പ് പരിശീലനം
തിരുവനന്തപുരം : ആറ്റിങ്ങലിൽ മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും പരസ്യമായി വിചാരണ ചെയ്ത സംഭവത്തില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥയെ പിങ്ക് പോലീസ് പട്രോളില്‍ നിന്ന് മാറ്റി. നല്ല നടപ്പ് പരിശീലനത്തിനായി കൊല്ലം സിറ്റിയിലാണ് നിയമനം നൽകിയത്. രജിത എന്ന പോലീസ് ഉദ്യോഗസ്ഥ 15 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡിന് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സംഭവത്തെക്കുറിച്ച് തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി അന്വേഷിച്ച് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുറ്റം ആരോപിക്കപ്പെട്ട വ്യക്തി തെറ്റ് ചെയ്തില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ അദ്ദേഹത്തോട് ക്ഷമ ചോദിക്കണമായിരുന്നുവെന്നും അത് സംഭവിച്ചില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് തോന്നയ്ക്കല്‍ സ്വദേശി ജചന്ദ്രനേയും മൂന്നാം ക്ലാസുകാരി മകളെയും രജിത പരസ്യമായി വിചാരണ ചെയ്തത്. പിങ്ക് പൊലീസ് വാഹനത്തിനുള്ളിലിരുന്ന തന്റെ മൊബൈല്‍ ഫോണ്‍ ജയചന്ദ്രന് മോഷ്ടിച്ചെടുത്ത് മകള്‍ക്ക് കൈമാറിയെന്നാരോപിച്ചായിരുന്നു രജിത ഇവരെ ചോദ്യം ചെയ്തത്. സ്റ്റേഷനില്‍ കൊണ്ടുപോയി അച്ഛന്റേയും മകളുടേയും ദേഹം പരിശോധന നടത്തുമെന്നും രജിത പറഞ്ഞിരുന്നു. കുട്ടികളെയും കൊണ്ട് മോഷ്ടിക്കാനിറങ്ങുന്നത് ഇവനൊക്കെ പതിവാണെന്നും രജിത ആരോപിച്ചിരുന്നു. ഫോണ്‍ എടുത്തില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും രജിത പിന്മാറാന് തയാറായില്ല.
ഒടുവില്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരു വനിത പൊലീസ് ഉദ്യോഗസ്ഥ പിങ്ക് പൊലീസ് വാഹനത്തിലുണ്ടായിരുന്ന രജിതയിടെ ബാഗ് പരിശോധിച്ചപ്പോള്‍ സൈലന്റിലാക്കിയ നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ഫോണ്‍ സ്വന്തം ബാഗില്‍ നിന്ന് കിട്ടിയശേഷവും രജിത അച്ഛനോടും മകളോടും മോശമായാണ് പെരുമാറിയത്. സംഭവം മൊബൈലില്‍ പകര്‍ത്തിയ ആള് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. സംഭവത്തില്‍ ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.