പരസ്യ പ്രതികരണം നടത്തുന്നവർക്കെതിരെ അച്ചടക്ക നടപടിയെന്ന് ഹൈക്കമാന്റ്
ഡൽഹി : ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസില്‍ ഉണ്ടാകുന്ന കലാപത്തിലും പരസ്യപ്രതികരണങ്ങളിലും ഹൈക്കമാന്റിന് കടുത്ത അതൃപ്തി. കെ സുധാകരനും വി ഡി സതീശനും പിന്തുണ നൽകുന്ന ഹൈക്കമാന്റ്, നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണം നടത്തുന്നവർ കർശന അച്ചടക്ക നടപടി നേരിടുമെന്ന് മുന്നറിയിപ്പ് നൽകി. പരസ്യ പ്രതികരണം നടത്തുന്നവരുടെ വിവരങ്ങള്‍ കൈമാറണമെന്ന് കെ പി സി സിക്കും ഹൈക്കമാന്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നേതൃത്വത്തിനെതിരെയുള്ള നിലപാട് തുടര്‍ന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ക്ക്തിരിച്ചടിയുണ്ടാകുമെന്നാണ് ഹൈക്കമാണ്ടിന്റെ മുന്നറിയിപ്പ്. രമേശ് ചെന്നിത്തലക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്ന ദേശീയ തലത്തിലെ പദവിയില്‍ പുനരാലോചനയുണ്ടാകുമെന്നാണ് ചെന്നിത്തലക്കുള്ള മുന്നറിയിപ്പ്. എതിര്‍പ്പ് തുടരുന്ന പക്ഷം ഉമ്മന്‍ചാണ്ടിയുടെ പദവിയിലും പുനരാലോചന നടക്കുമെന്ന സൂചനയും നല്‍കിയിട്ടുണ്ട്.
പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യ നിലപാടെടുത്ത കെ പി അനില്‍ കുമാറിന്റേയും ശിവദാസന്‍ നായരുടേയും പ്രസ്താവനകളുടെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ താരിഖ് അന്‍വറിന് നിര്‍ദ്ദേശം നല്‍കി.
ഡി സി സി അധ്യക്ഷന്മാരുടെ പട്ടിക വന്നതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ വിഴുപ്പലക്കലുമായി രംഗത്തെത്തിയിരുന്നു. പെട്ടിതൂക്കികള്‍ക്കാണ് സ്ഥനം നല്‍കിയതെന്ന ആരോപണവും ഉയര്‍ന്നു. കൂടിയാലോചനകള്‍ നടത്താതെയാണ് പട്ടികയെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ പരസ്യമായി പറയുകയും ചെയ്തു. കോണ്ഗദ്രസില് കലാപക്കൊടി ഉയര്‍ന്നതോടെയാണ് അച്ചടക്കത്തിന്റെ വാളോങ്ങാന്‍ എ ഐ സി സി തീരുമാനിച്ചത്.