എ.വി.ഗോപിനാഥ് കോൺഗ്രസ് വിട്ടു
പാലക്കാട് : പാലക്കാട്ടെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായ എ.വി.ഗോപിനാഥ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. പെരിങ്ങോട്ടുക്കുറിശ്ശിയിലെ വീട്ടില്‍ വച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് എ.വി.ഗോപിനാഥ് രാജി പ്രഖ്യാപനം നടത്തിയത്. മാസങ്ങളായി മനസ്സില്‍ നിലനിന്നിരുന്ന സംഘര്‍ത്തിനൊടുവിലാണ് ഇന്ന് രാജിവയ്ക്കാനുള്ള തീരുമാനം താന്‍ എടുത്തതെന്നും പാര്‍ട്ടിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് താനൊരു തടസമാകാതിരിക്കാനാണ് ഇങ്ങനെയൊരു തീരുമാനമെന്നും എ.വി.ഗോപിനാഥ് പറഞ്ഞു.
കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം ഹൃദയത്തില്‍ നിന്നും ഇറക്കിവയ്ക്കാന്‍ സമയമെടുക്കും. സാഹചര്യങ്ങള്‍ പഠിച്ച ശേഷം ഭാവിനടപടികള്‍ തീരുമാനിക്കും. ആരുടേയും അടുക്കളയില്‍ എച്ചില് നക്കാന്‍ പോകാന്‍ താനില്ലെന്നും എ.വി.ഗോപിനാഥ് പറഞ്ഞു. 15 വയസ്സ് മുതല്‍ കോണ്‍ഗ്രസാണെന്റെ ജീവനാഡി. 43 വര്‍ഷം കോണ്‍ഗ്രസിന്റെ ഉരുക്കു കോട്ടയായി പെരിങ്ങോട്ടുകുറിശ്ശിയെ താന്‍ നിലനിര്‍ത്തി. പുനസംഘടനയുമായി ബന്ധപ്പെട്ടുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം ശരിയാണ് അതിനെ താന്‍ അംഗീകരിക്കുന്നു. കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള യാത്രയില്‍ ഞാന്‍ തടസ്സക്കാരനാണോ എന്ന സംശയമുണ്ടായിരുന്നു. ആ സംശയത്തിന് തീര്‍പ്പുണ്ടാക്കുകയാണ്. നിരന്തര ചര്‍ച്ചകള്‍ക്ക് ശേഷമാണ് താന്‍ ഈ തീരുമാനത്തിലേക്ക് എത്തിയത്. ഇതാണ് എന്റെ അന്തിമ തീരുമാനം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും താന്‍ രാജിവച്ചതായി പ്രഖ്യാപിക്കുന്നുവെന്നും ഗോപിനാഥ് പറഞ്ഞു.
ഒരു പാര്‍ട്ടിയിലേക്കും ഇപ്പോള്‍ പോകുന്നില്ല. കോണ്‍ഗ്രസിനെ ഹൃദയത്തില്‍ നിന്നിറക്കാന്‍ സമയമെടുക്കും. വിശദമായ വിശകനലങ്ങള്‍ക്കും ആലോചനകള്‍ക്കും ശേഷം എന്റെ ഭാവി രാഷ്ട്രീയ നടപടി പ്രഖ്യാപിക്കും. ആരുടെയും അടുക്കളയില്‍ എച്ചില് നക്കാന്‍ താന്‍ പോകുന്നില്ല. ഹൃദയത്തില്‍ ഈശ്വരനായി പ്രതിഷ്ഠിച്ച കരുണാകരനോട് നന്ദി പറയുന്നു. എല്ലാവര്ക്കും നന്ദി പറയുന്നു. സി പി എം ഉള്‍പ്പടെ ഉള്ള പാര്‍ട്ടികളുമായി അയിത്തമില്ല. തനിക്കൊപ്പമുള്ള ഒരാളെയും കോണ്‍ഗ്രസ് മാറാന്‍ പ്രേരിപ്പിക്കുന്നില്ലന്നും പെരിങ്ങോട്ടുക്കുറിശ്ശിയിലെ വീട്ടില്‍ വച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തിൽ എ.വി.ഗോപിനാഥ് പറഞ്ഞു.