കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽ പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു. ഡിജിറ്റൽ ഫ്ളൈറ്റ് ഡാറ്റാ റെക്കോർഡർ, കോക്പിറ്റ് വോയിസ് റെക്കോർഡർ എന്നിവയാണ് കണ്ടെടുത്തത്.
ഈ ഉപകരണങ്ങളിൽ നിന്ന് ലഭിക്കുന്ന നിർണായക വിവരങ്ങൾ അപകട കാരണം കണ്ടെത്താനുള്ള അന്വേഷണങ്ങൾക്ക് സഹായകരമാകും. അപകടത്തിന് തൊട്ടുമുമ്പ് വിമാനം എത്ര ഉയരത്തിലായിരുന്നു, അതിന്റെ സ്ഥാനം, വേഗത, പൈലറ്റും എയർ ട്രാഫിക് കൺട്രോളും തമ്മിലുള്ള ആശയ വിനിമയം എന്നിവ ഈ ഉപകരണങ്ങളിൽ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ട്.
ലാൻഡിങിന് ശ്രമിക്കുന്നതിനിടെ വിമാനം റൺവേയിൽ നിന്നും തെന്നിമാറുകയായിരുന്നു. വീണ്ടും ടേക്ക് ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തെന്നിമാറി താഴേക്ക് പതിച്ചു. രണ്ടുതവണ പൈലറ്റ് വിമാനം ലാൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥമൂലം അതിന് സാധിച്ചിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. തുടർന്ന് പൈലറ്റ് വിമാനത്താവളത്തെ കുറച്ചുസമയം വലം വെച്ചതിന് ശേഷമാണ് ലാൻഡ് ചെയ്തത്.
സംഭവ സമയത്ത് കനത്ത മഴയുണ്ടായിരുന്നു. ക്രാഷ് ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നും തെന്നിമാറിയ വിമാനം മൂക്കുകുത്തി 35 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. മുൻഭാഗം പൂർണമായും തകർന്നു. ലാൻഡിങ് സമയത്ത് വിമാനം അതീവ വേഗതയിലായിരുന്നു. വിമാനം തെന്നിമാറി കൊണ്ടോട്ടി-കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയായിരുന്നു. മുൻവാതിലിന്റെ അടുത്ത് വച്ച് വിമാനം രണ്ടായി പിളർന്നു.
190 യാത്രക്കാരുമായി വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരിലെത്തിയത്. അപകടത്തിൽ രണ്ട് പൈലറ്റുമാരുൾപ്പെടെ 18 പേരാണ് മരിച്ചത്. 4.45ന് ദുബായിയിൽ നിന്നും പുറപ്പെട്ട 1344 എയർ ഇന്ത്യ ദുബായ്-കോഴിക്കോട് വിമാനം. 7.45 ഓടെയാണ് കരിപ്പൂരിലെത്തിയത്.