Top Stories
അയോധ്യ:സർക്കാർ അനുവദിച്ച 5 ഏക്കർ സ്ഥലം സ്വീകരിച്ചതായി സുന്നി വഖഫ് ബോർഡ്;തീരുമാനം കോടതി ഉത്തരവിനെ മാനിച്ച്
ലക്നൗ: അയോധ്യയിൽ പള്ളി പണിയുന്നതിന് സർക്കാർ അനുവദിച്ച അഞ്ച് ഏക്കർ സ്ഥലം സ്വീകരിച്ചതായി സുന്നി വഖഫ് ബോർഡ്. വഖഫ് ബോർഡ് ചെയർമാൻ സഫർ ഫാറൂഖിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് ഭൂമി സ്വീകരിക്കുന്നതെന്ന് വഖഫ് ബോർഡ് വ്യക്തമാക്കി.
നവംബർ ഒമ്പതിന്റെ സുപ്രീംകോടതി വിധിയിൽ യു.പി സർക്കാർ ഭൂമി കണ്ടെത്തി തങ്ങൾക്ക് കൈമാറണമെന്നാണ് ഉത്തരവിട്ടത്. അതിനാൽ ഭൂമി സ്വീകരിക്കാതിരിക്കാൻ തങ്ങൾക്ക് അവകാശമില്ലെന്നും അങ്ങനെ ചെയ്താൽ അത് കോടതിയലക്ഷ്യമാകുമെന്നും
വഖഫ് ബോർഡ് ചെയർമാൻ സഫർ ഫാറൂഖി പറഞ്ഞു.
ഭൂമി സ്വീകരിക്കണോ വേണ്ടയോ എന്നൊന്നും തങ്ങൾ ഇതുവരെ ആലോചിച്ചിട്ടില്ല. ഭൂമി സ്വീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി വിവാദങ്ങളുണ്ടാക്കുന്നത് മറ്റു ചിലരാണ്. പരമോന്നത കോടതിയുടെ തീരുമാനം അനുസരിക്കാനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നതെന്നും ഫാറൂഖി വ്യക്തമാക്കി.
പള്ളി പണിയാനായി ഉചിതമായ സ്ഥലം കണ്ടുപിടിച്ച് വഖഫ് ബോർഡിന് നൽകണമെന്ന് നവംബർ 9 ന് ഉത്തർപ്രദേശ് സർക്കാറിനോട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവ് പ്രകാരം ഉത്തർപ്രദേശ് സർക്കാർ സോഹാവാലിൽ അഞ്ചേക്കർ ഭൂമി കണ്ടെത്തിയിരുന്നു. എന്നാൽ വിധിക്കു ശേഷം ഇതുവരെ ഭൂമി സ്വീകരിക്കുന്നതിനെക്കുറിച്ച് സുന്നി വഖഫ് ബോർഡ് നിലപാട് വ്യക്തമാക്കിയിരുന്നില്ല. തുടർന്ന് വിവാദം ഉണ്ടായ പശ്ചാത്തലത്തിലാണ് വഖഫ് ബോർഡ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത നടപടി സംബന്ധിച്ച് ഫെബ്രുവരി 24ന് ചേരുന്ന യോഗത്തിൽ തീരുമാനമുണ്ടാകുമെന്ന് ഫാറൂഖി അറിയിച്ചു.