Top Stories
സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ നടത്താൻ സുപ്രീംകോടതി അനുമതി
ന്യൂഡല്‍ഹി : സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ സുപ്രീംകോടതി അനുമതി നൽകി. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പരീക്ഷ ഓഫ്ലൈനായി നടത്താമെന്നും പരീക്ഷ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ വിശദീകരിച്ച് സര്‍ക്കാര്‍ നല്കിയ വിശദീകരണം തൃപ്തികരമെന്നും കോടതി വിലയിരുത്തി. പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.
കേരളത്തില്‍ നിന്നുള്ള 48 വിദ്യാര്‍ത്ഥികള്‍ നല്കിയ ഹര്‍ജികളാണ് ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫലപ്രദമല്ലെന്നും ഉള്‍പ്രദേശങ്ങളിലും കടലോര മേഖലകളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് പരമിതിയുണ്ടെന്നും ഹൈക്കോടതിയില്‍ നല്കിയ അപേക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് നീറ്റ് പരീക്ഷ വിജയകരാമായി നടത്തിയതെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പരീക്ഷയെഴുതാന്‍ എത്തുന്ന ഒരു വിദ്യാര്‍ത്ഥിക്ക് പോലും രോഗബാധ ഉണ്ടാകാത്ത തരത്തില്‍ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിരുന്നു. ഈ വാദങ്ങൾ ശരിവച്ചാണ് പരീക്ഷ ഓഫ്ലൈനായി നടത്താൻ കോടതി അനുമതി നൽകിയത്.