Top Stories

ന്യൂമോണിയ പ്രതിരോധം: കുഞ്ഞുങ്ങൾക്കായി പുതിയ വാക്‌സിൻ ഇന്നുമുതൽ

തിരുവനന്തപുരം : സംസ്ഥാനത്ത് കുട്ടികള്‍ക്കായി ഇന്നുമുതൽ പുതിയൊരു വാക്‌സിനേഷന്‍ കൂടി ആരംഭിക്കും. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) ആണ് നല്‍കിത്തുടങ്ങുന്നത്. വാക്സിനേഷന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോ​ഗ്യമന്ത്രി വീണാജോര്‍ജ് തിരുവനന്തപുരത്ത് നിര്‍വഹിക്കും.

ന്യൂമോണിയ പ്രതിരോധ വാക്സിനാണിത്.  ജില്ലകളില്‍ അടുത്ത വാക്‌സിനേഷന്‍ ദിനം മുതല്‍ ഈ വാക്‌സിന്‍ ലഭ്യമാകുന്നതാണ്. ന്യൂമോകോക്കല്‍ രോഗത്തിനെതിരെ ഒന്നര മാസം പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ നല്‍കണമെന്ന് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. കുഞ്ഞിന് ഒന്നര മാസത്തില്‍ മറ്റ് വാക്‌സിനെടുക്കാനുള്ള സമയത്ത് മാത്രം പിസിവി നല്‍കിയാല്‍ മതി. ഈ വാക്‌സിന്റെ ആദ്യ ഡോസ് എടുക്കാനുള്ള ഉയര്‍ന്ന പ്രായപരിധി ഒരു വയസാണ്. ഒന്നരമാസത്തെ ആദ്യ ഡോസിന് ശേഷം മൂന്നര മാസം 9 മാസം എന്നിങ്ങനെയാണ് വാക്‌സിന്‍ നല്‍കേണ്ടത്.

സ്‌ട്രെപ്‌റ്റോ കോക്കസ് ന്യുമോണിയ അഥവാ ന്യൂമോ കോക്കസ് എന്ന രോഗാണു പരത്തുന്ന ഒരുകൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കല്‍ രോഗം എന്ന് വിളിക്കുന്നത്. ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിന്‍ജൈറ്റിസ് എന്നിവയില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് ഈ വാക്‌സിന്‍ സംരക്ഷണം നല്‍കും. ഈ രോഗാണു ശരീരത്തിന്റെ പല ഭാഗങ്ങളിലായി വ്യാപിച്ച്‌ പല തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാക്കാം. ഗുരുതരമായ ശ്വാസകോശ അണുബാധയുടെ ഒരു രൂപമാണ് ന്യൂമോകോക്കല്‍ ന്യൂമോണിയ. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണത്തിനുള്ള ഒരു പ്രധാന കാരണം ന്യൂമോകോക്കല്‍ ന്യുമോണിയ ആണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ചുമ, കഫക്കെട്ട്, ശ്വാസം എടുക്കാന്‍ പ്രയാസം, പനി ശ്വാസംമുട്ടല്‍, നെഞ്ചുവേദന എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. കുട്ടികള്‍ക്ക് അസുഖം കൂടുതലാണെങ്കില്‍ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട് വന്നേക്കാം. ഒപ്പം ഹൃദയാഘാതമുണ്ടാകാനോ അബോധാവസ്ഥയിലേക്ക് പോകാനോ മരണമടയാനോ സാധ്യതയുണ്ട്.

യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി രാജ്യത്ത് പിസിവി വാക്‌സിനേഷന്‍ സൗജന്യമാണ്. ആദ്യ മാസം 40,000 കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഒരു വര്‍ഷം കൊണ്ട് 4.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതാണ്. ഈ മാസത്തേക്ക് ആവശ്യമായ 55,000 ഡോസ് വാക്‌സിന്‍ ലഭ്യമായിട്ടുണ്ട്. അത് എല്ലാ ജില്ലകളിലും വിതരണം ചെയ്തു കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വിദഗ്ധ പരിശീലനത്തിന് ശേഷമാണ് വാക്‌സിനേഷന്‍ ആരംഭിക്കുന്നത്‌.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button