പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ ഒരുങ്ങി യുപി: കുടിയേറ്റക്കാരുടെ ആദ്യപട്ടിക കേന്ദ്രത്തിന് അയച്ചു
ലഖ്നൗ: പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ ഒരുങ്ങി ഉത്തർപ്രദേശ്. പൗരത്വഭേദഗതി നിയമം പ്രാബല്യത്തിലാക്കി കേന്ദ്രത്തിന്റെ വിജ്ഞാപനം വന്നുകഴിഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ നടപടി തുടങ്ങിയത്. പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും യുപി. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികൾ യു പി സർക്കാർ ആരംഭിച്ചതായി മന്ത്രി ശ്രീകാന്ത് ശർമ്മ വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ ജില്ലാ മജിസ്ട്രേറ്റുമാരോടും വിവരങ്ങൾ ശേഖരിക്കാൻ നിർദ്ദേശം നൽകിയതായും ശ്രീകാന്ത് ശർമ്മ വാർത്താ ഏജൻസിയോട് പറഞ്ഞു.
സംസ്ഥാനത്തെ 19 ജില്ലകളിൽ അനധികൃത കുടിയേറ്റക്കാരുടെ ആദ്യഘട്ട കണക്കെടുപ്പ് പൂർത്തിയാക്കി പട്ടിക യുപി സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചു കഴിഞ്ഞു. ആദ്യ റിപ്പോർട്ടിലെ കണക്കുപ്രകാരം മുസ്ലിങ്ങളല്ലാത്ത 40000ത്തോളം അനധികൃത കുടിയേറ്റക്കാർ യുപിയിലുണ്ട്. ആദ്യ പട്ടികിയിലെ അനധികൃത കുടിയേറ്റക്കാർ അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
ഗോരഖ്പുർ, അലിഗഢ്, രാംപുർ, പിലിഭിത്ത്, ലഖ്നൗ, വാരണാസി, ആഗ്ര തുടങ്ങിയ പ്രദേശങ്ങളിലെ അനധികൃത കുടിയേറ്റക്കാരാണ് സർക്കാറിന്റെ ആദ്യ അഭയാർഥി പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ പിലിഭിത്തിലാണ് ഏറ്റവും കൂടുതൽ അനധികൃത കുടിയേറ്റക്കാരുള്ളത്.


