വനിതാ കമ്മിഷൻ അധ്യക്ഷയായി പി. സതീദേവി ചുമതലയേറ്റു
തിരുവനന്തപുരം : സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷയായി പി. സതീദേവി ചുമതലയേറ്റു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുകയാണ് മുഖ്യലക്ഷ്യമെന്നും തന്റെ പ്രവർത്തനം നിഷ്പക്ഷമായിരിക്കുമെന്നും അധികാരമേറ്റുകൊണ്ട് സതീദേവി പറഞ്ഞു.
വനിതാ കമ്മീഷന്റെ ഏഴാമത്തെ അധ്യക്ഷയാണ് സതീദേവി. പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയത് വിവാദമായതോടെ എം സി ജോസഫൈന്‍ രാജി വച്ച ഒഴിവിലാണ് നിയമനം. 2004 മുതല്‍ 2009 വരെ വടകര മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്നു സതീദേവി. കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണബാങ്ക് ഡയറക്ടര്‍, ഉത്തര മേഖലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട് ജില്ലാ കോടതികളില്‍ അഭിഭാഷകയായിരുന്നു.
മഹിളാ അസ്സോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്ത്രീശബ്ദം മാഗസിന്റെ ചീഫ് എഡിറ്ററും സുശീലാ ഗോപാലന്‍ സ്ത്രീപദവി നിയമപഠന കേന്ദ്രം അധ്യക്ഷയുമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധിയായിരുന്നു.