News
പേന വലിച്ചെറിഞ്ഞ് വിദ്യാർത്ഥിയുടെ കാഴ്ച നഷ്ടപ്പെടുത്തി: അധ്യാപികയ്ക് ഒരുവര്‍ഷം കഠിനതടവ്
തിരുവനന്തപുരം : ക്ലാസ്സിൽ ശ്രദ്ധിക്കാതിരുന്ന മൂന്നാം ക്ളാസുകാരന്റെ നേരെ പേന വലിച്ചെറിഞ്ഞ് കാഴ്ച നഷ്ടപ്പെടുത്തിയ അധ്യാപികയ്ക് ഒരുവര്‍ഷം കഠിനതടവ് വിധിച്ച് പോക്സോ കോടതി. മലയിന്‍കീഴ് കണ്ടല ഗവണ്മെന്റ് സ്കൂളിലെ അധ്യാപികയും തൂങ്ങാംപാറ സ്വദേശിനിയുമായ ഷെരീഫാ ഷാജഹാനെയാണ് കുട്ടിയുടെ കാഴ്ച നഷ്ടപ്പെടാന്‍ ഇടയായ സംഭവത്തില്‍ ശിക്ഷിച്ചത്.
ഒരു വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്നതിനൊപ്പം മൂന്നുലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നുമാസം അധിക തടവ് അനുഭവിക്കണം. പോക്സോ കോടതി ജഡ്ജി കെവി രജനീഷിന്റേതാണ് ഉത്തരവ്.
2005 ജനുവരി 18 നായിരുന്നു സംഭവം. മറ്റു കുട്ടികളുമായി ക്ലാസില്‍ സംസാരിക്കുന്നത് കണ്ട് വലിച്ചെറിഞ്ഞ ബോള്‍പേന എട്ടുവയസ്സുകാരന്റെ ഇടതുകണ്ണില്‍ തുളച്ചുകയറുകയായിരുന്നു. കുട്ടിയുടെ കാഴ്ച പൂര്‍ണമായും നഷ്ടമായി. മൂന്നു ശസ്ത്രക്രിയകള്‍ക്ക് കുട്ടിയെ വിധേയനാക്കിയെങ്കിലും ഫലമുണ്ടായില്ല. അധ്യാപികയെ അന്ന് ആറുമാസം സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ വീണ്ടും ആ സ്കൂളില്‍ത്തന്നെ തിരികെ നിയമിച്ചു.