ആഡംബര കപ്പലിലെ ലഹരി: പങ്കെടുത്തത് ബോളിവുഡ്, ഫാഷന്‍, ബിസിനസ് രംഗത്തെ പ്രമുഖർ
ന്യൂഡല്‍ഹി : ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മുംബൈ ആഡംബര കപ്പലിലെ ലഹരി കേസില്‍ പിടിച്ചെടുത്തത് 13 ഗ്രാം കൊക്കെയ്നും 21ഗ്രാം ചരസും 22 എം.ഡി.എം.എ ഗുളികളും അഞ്ചുഗ്രാം എം.ഡിയും. ആര്യന്‍ ഖാന്‍ ഉപയോഗിക്കുന്ന ലെന്‍സ് ബാഗില്‍നിന്നും മറ്റു പ്രതികളുടെ സാനിറ്ററി പാഡിലും മരുന്ന് പെട്ടിയിലും ഒളിപ്പിച്ച നിലയിലുമാണ് ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാന്‍റെയും സുഹൃത്തുക്കളുടെയും അറസ്റ്റ് ഞായറാഴ്ച രേഖപ്പെടുത്തിയിരുന്നു. മയക്കുമരുന്ന് വാങ്ങല്‍, കൈവശം സൂക്ഷിക്കല്‍, നിരോധിത ലഹരിവസ്തുക്കള്‍ ഉപയോഗിക്കല്‍ തുടങ്ങിയവയാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. കോടതിയില്‍ ഹാജരാക്കിയ ആര്യന്‍ ഖാനെയും മറ്റു രണ്ടുപേരെയും തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. തിങ്കളാഴ്ച ജാമ്യാപേക്ഷ നല്‍കുമെന്നാണ് വിവരം.
ആര്യന്‍ ഖാന് മുംബൈയിലെ ലഹരി സംഘങ്ങളുമായി ഉറ്റബന്ധങ്ങളുണ്ടെന്നാണ് എന്‍.സി.ബിയുടെ കണ്ടെത്തല്‍. ആര്യന്‍റെ വാട്സ്ആപ് ചാറ്റുകളില്‍ അത് വ്യക്തമാക്കുന്ന തെളിവുണ്ടെന്നും പറയുന്നു. നിരോധിത ലഹരിവസ്തുക്കള്‍ സംബന്ധിച്ച് ഒന്നിലധികം തവണ ആര്യന്‍ ഖാനും സുഹൃത്തുക്കളും വാട്സ്ആപ് ചാറ്റിലൂടെ ചര്‍ച്ച ചെയ്തതായി പറയുന്നു.
മുംബൈ തീരത്തെ കോര്‍ഡിലിയ കപ്പലില്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ പരിശോധനയിലാണ് ആര്യനുള്‍പ്പെടെയുള്ളവർ പിടിയിലായിരുന്നത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. ആര്യന്‍ ഖാന് പുറമെ, അടുത്ത് സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ്, നുപുര്‍ സരിക, മൂണ്‍മൂണ്‍ ധമേച, ഇസ്മീത് സിംഗ്, മൊഹാക് ജസ്വാള്‍, വിക്രാത് ചോക്കര്‍, ഗോമിത് ചോപ്ര എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയാണ് മുംബൈ തീരത്തെ ക്രൂയിസ് കപ്പലില്‍ എന്‍.സി.ബി റെയ്ഡ് നടത്തിയത്. മൂന്നുദിവസത്തെ സംഗീത പരിപാടിക്കായിരുന്നു അനുമതി. ബോളിവുഡ്, ഫാഷന്‍, ബിസിനസ് രംഗത്തെ പ്രമുഖരാണ് പാര്‍ട്ടിയില്‍ പങ്കാളികളായിരുന്നത്.